കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ സജിത്തിന് ഇനി സ്വന്തം വീട്ടിലേക്ക് സ്വന്തം വഴിയിലൂടെ സഞ്ചരിക്കാം. നടന്‍ സുരേഷ് ഗോപിയാണ് സജിത്തിന് വീട്ടിലേക്കുള്ള വഴി വാങ്ങി നല്‍കിയിരിക്കുന്നത്.
വീട്ടിലേക്ക് പോകാന്‍ സ്വന്തമായി വഴിയില്ലാത്തതിനാല്‍ സജിത്തിനെ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി സഹായ ഹസ്തം നീട്ടിയത്. സജിത്തിന്റെയും കുടുംബത്തിന്റെയും ഏറെ നാളത്തെ സ്വപ്‌നമാണ് സുരേഷ് ഗോപി സാക്ഷാത്കരിച്ചിരിക്കുന്നത്.
സുരേഷ് ഗോപി സാറിന് നന്ദി, സാറ് എന്ന് വിളിക്കുന്നില്ല, സ്വന്തം ഏട്ടനാണ്. ദ്ദേഹത്തോടും കുടുംബത്തോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. രാത്രിയായലും മഴ വന്നാലും അനിയനെ എടുത്തുകൊണ്ടു പോകേണ്ട അവസ്ഥയാണ്. പലപ്പോഴും നിലത്ത് വീണിറ്റിട്ടുണ്ട്. ആ മണ്ണോടെയാണ് ആശുപത്രിയിലേക്ക് പോകുന്നതെന്ന് സഹോദരി ഷൈനി പറഞ്ഞു.
സഹായിക്കാന്‍ അരും എത്താറില്ല, ഇനി വണ്ടി വീട്ടിലേക്ക് വരുമല്ലോ എന്ന സന്തോഷമുണ്ട്. ഇത്രയും വലിയ സഹായം ചെയ്ത സുരേഷേട്ടനെ നേരിട്ട് കാണമെന്നുണ്ടെന്നും ഷൈനി പറഞ്ഞു. അതേസമയം, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ സജിത്തിന്റെ പേര് ഇപ്പോഴുമില്ല എന്നത് മറ്റൊരു വസ്തുതയാണ്.