ഗോള്‍വാര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കേസ് ഫയല്‍ ചെയ്ത് ആര്‍ എസ് എസ്.

0
83

കണ്ണൂര്‍: ഗോള്‍വാര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കേസ് ഫയല്‍ ചെയ്ത് ആര്‍ എസ് എസ്. വിചാരധാരയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം എന്നാണ് ആവശ്യം. കണ്ണൂര്‍ മുന്‍സിഫ് കോടതി പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്ന് വി ഡി സതീശന്‍ പ്രസ്തവാന നടത്തി എന്ന് ആരോപിച്ച് ആര്‍ എസ് എസ് കേരളം പ്രാന്ത സംഘചാലക് കെ കെ ബാലറാമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സതീശന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്നും വി ഡി സതീശനോ അനുയായികളോ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് തടയണം എന്നും ആണ് ഹര്‍ജിയില്‍ പറയുന്നത്. ആര്‍ എസ് എസിന് വേണ്ടി അഭിഭാഷകരായ അഡ്വ എം ആര്‍ ഹരീഷ്, അഡ്വ കെ ഒ പ്രതാപ് നമ്പ്യാര്‍ എന്നിവരാണ് ഹാജരായത്.

നേരത്തെ ആര്‍ എസ് എസ് പ്രാന്തസംഘചാലക് കെ കെ ബലറാം വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചിരുന്നത്.

ആര്‍ എസ് എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്‌കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു വി ഡി സതീശന്റെ പ്രസ്താവന. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ല എന്നായിരുന്നു ആര്‍ എസ് എസ് പറഞ്ഞത്.

അതേസമയം ആര്‍ എസ് എസ് അയച്ച നോട്ടീസിനെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. നോട്ടീസ് അയച്ചത് ആരെ ഭയപ്പെടുത്താനാണ് എന്നും അതൊക്കെ കൈയില്‍ വച്ചാല്‍ മതി എന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഏത് നിയമനടപടിയും നേരിടാന്‍ തയാറാണ് എന്നും പുസ്തകത്തിലെ പേജ് ഉദ്ധരിച്ചാണ് ഇക്കാര്യം പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here