തിരുവനന്തപുരം: സ്വർണക്കടത്തിൽ പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ തയ്യാറായി സർക്കാർ. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണിവരെയാകും ചർച്ച നടക്കുക. ഇതിന്റെ തത്സമയ സംപ്രേക്ഷണത്തിനും അനുമതിയുണ്ട്.
ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിരയിൽ നിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ ഡോളർകടത്ത് നടന്നുവെന്ന് സ്വപ്ന സുരേഷ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകുകയും ഇതിന്റ വിശദാംശങ്ങൾ പുറത്തു വരികയും ചെയ്തിരുന്നു. എന്നാൽ ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.