കുന്നംകുളത്തെ മനോജിന് സിനിമയൽ പാടാൻ അവസരം. ചെമ്പൈ സംഗീത കോളേജിൽ പഠിച്ച് പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം ജീവിതം ദുരിതപൂർണ്ണായ മനോജിനെ കണ്ടെത്താൻ സുഹൃത്തും ഗായകനുമായ ശ്രീജിത്ത് കൃഷ്ണ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മനോജിന്റെ ജീവിതകഥ പുറത്തുവന്നതോടെയാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. മനോജിന് ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഔറ എന്ന ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതായി സുഹൃത്ത് ശ്രീജിത്ത് കൃഷ്ണ തന്നെ വ്യക്തമാക്കി.
‘ശ്രീ.ശശീന്ദ്ര സംവിധാനം നിർവഹിക്കുന്ന രുദ്ര ദിലീപ് തിരക്കഥയും സംഭാഷണവും ഒരുക്കിയ Dr പുനലൂർ ശ്യാംനാദ് സംഗീതസംവിധാനം നിർവഹിക്കുന്ന ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഓറ എന്ന മലയാള ചിത്രത്തിലാണ് മനോജിനെ പാടാൻ വേണ്ടി ഇന്നലെ ഡയറക്ടർ എന്നെ ഇന്നലെ നേരിട്ട് വിളിച്ചത്.. ഒരുപാട് സന്തോഷം നന്ദി സർ’- ശ്രീജിത്ത് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
1997-2001 ബാച്ചിൽ പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ പഠിച്ച മനോജ് കോളജ് കാലത്ത് സഹപാഠികൾ അസൂയയോടെ കണ്ടിരുന്ന ഗായകനായിരുന്നു. ചിറക്കൽ വീട്ടിൽ കുട്ടപ്പൻ വൈദ്യരുടെയും, ലീലയുടെയും മകനാണ് മനോജ്. തൃശ്ശൂർ കേരള വർമ്മയിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും പാലക്കാട് ഗവ: ചെമ്പൈ സംഗീത കോളേജിൽ സംഗീത പഠനം പൂർത്തിയാക്കി. വലിയ ഗായകനാകണം എന്നായിരുന്നു ആഗ്രഹം. പക്ഷേ മനസ്സിൻ്റെ താളം തെറ്റി ജീവിതം തകർന്നു. അച്ഛൻ മരിച്ചു. കൂട്ടുണ്ടായിരുന്ന അമ്മയും ഈയടുത്ത് വിടവാങ്ങി. ആകെയുള്ള ജേഷ്ഠനും മാനസിക വൈകല്യം. അങ്ങനെയാണ് മനോജിൻ്റെ സമനില തെറ്റിയത്.
ക്ലബ്ബിലിരുന്ന് പാടിയ പാട്ട് സഹപാഠിയായിരുന്ന ശ്രീജിത്ത് കൃഷ്ണ കണ്ടതോടെയാണ് വീണ്ടും എല്ലാവരും മനോജിനെ തേടിയിറങ്ങിയത്. ഒടുവിൽ സഹപാഠികളിൽ ചിലർ മനോജിനെ തേടി കുന്നംകുളത്ത് എത്തി. പഠനം പൂർത്തിയാക്കിയ ശേഷം മോഹൻ സിത്താര, വിദ്യാധരൻ മാസ്റ്റർ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം പ്രവർത്തിച്ചു. പക്ഷെ കാലഘട്ടത്തിനൊത്ത് മുന്നോട്ടുപോകാൻ കഴിയാതെ ഇടയിൽ താൻ വീണുപോയെന്നാണ് മനോജ് പറയുന്നത്.