കോഴിക്കോട്: മലയോര ജനതയുടെ വികസനത്തിന് വേഗം കൂട്ടുന്ന മലയോര ഹൈവേ യാഥാർഥ്യമാകുന്നു. കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ ആദ്യ റീച്ചിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മലയോര ഹൈവേയുടെ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ചാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്
കോഴിക്കോട് ജില്ലയിൽ പ്രവൃത്തി പൂർത്തീകരിച്ച മലയോര ഹൈവേയുടെ ആദ്യ റീച്ചാണ് കോടഞ്ചേരി കക്കാടംപൊയിൽ പാത. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാണ് മലയോര ഹൈവേ നിർമാണം നടക്കുന്നത്. ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്
കിഫ്ബി ധനസഹായത്തോടെ 195 കോടി രൂപ ചെലവഴിച്ചാണ് 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി – കക്കാടംപൊയിൽ റീച്ച് പ്രവൃത്തി പൂർത്തീകരിച്ചത്. ഫെബ്രുവരി 15 ന് കൂടരഞ്ഞിയിൽ വെച്ചാണ് മലയോര ഹൈവേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. റോഡ് നിർമാണം 2020 ഓഗസ്റ്റ് 11ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. 24 മാസം ആയിരുന്നു നിർമാണ കാലാവധിയെങ്കിലും. കൊവിഡും സ്ഥലം വിട്ടുകിട്ടുന്നതിലെ കാലതാമസവും കാരണം രണ്ടരവർഷം വൈകി.
155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റോഡ് നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്. 12 മീറ്റർ വീതിയുള്ള റോഡിൽ ബിഎം ബിസി നിലവാരത്തിലാണ് ടാറിങ് പൂർത്തിയാക്കിയത്. ഇരുവശങ്ങളിലും ഓടയും നിർമിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സ്ഥാപിച്ചു. പ്രധാന കവലകളിൽ പൂട്ടുകട്ട പാകിയ നടപ്പാതകൾ, സൗരോർജ വിളക്കുകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുണ്ട്.
സംസ്ഥാനത്തെ 13 ജില്ലകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന പാതയാണ് മലയോര ഹൈവേ. മലയോരത്തേക്ക് അതിവേഗ യാത്ര സാധ്യമാകുന്നതിനൊപ്പം ചരക്കുനീക്കത്തിനും ഹൈവേ പൂർത്തിയാകുന്നതോടെ അവസരം ഒരുങ്ങും. കോഴിക്കോട് ജില്ലയിൽ വിലങ്ങാട് – കൈവേലി – കായക്കൊടി – കുറ്റ്യടി – മരുതോങ്കര – പെരുവണ്ണാമൂഴി – ചക്കിട്ടപാറ – നരിനട – കൂരാച്ചുണ്ട് – കല്ലാനോട് – തലയാട് – കട്ടിപ്പാറ – മലപുറം – കോടഞ്ചേരി – തിരുവമ്പാടി – കൂടരഞ്ഞി – കൂമ്പാറ – കക്കാടംപൊയിൽ എന്നിവിടങ്ങളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.