സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധതയോടെയാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നവീകരിച്ച നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിനായി പ്രകൃതി ചരിത്ര സംബന്ധിയായ മാതൃകകൾ നിർമിച്ച് പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിൽ പുതിയ കാലത്തിനനുസൃതമായ നവീകരണം നടത്താനായിട്ടുണ്ട്. അര നൂറ്റാണ്ട് പിന്നിടുന്ന ഈ മ്യൂസിയത്തിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ നവീകരണം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനികമായ പ്രദർശന സങ്കൽപങ്ങൾക്കനുസൃതമായി ആകർഷകവും വിജ്ഞാനപ്രദവുമായ സംവിധാനങ്ങൾ ഒരുക്കിയുളള നവീകരണ പ്രവൃത്തികളാണ് ആറുകോടി രൂപ ചെലവിൽ പൂർത്തീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ സജ്ജീകരണങ്ങൾ പ്രദർശനങ്ങൾക്ക് മികച്ച സംവേദനക്ഷമത ഉറപ്പു വരുത്തും. തലസ്ഥാനത്ത് മ്യൂസിയം വളപ്പിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന നാഷണൽ ഹിസ്റ്ററി മ്യൂസിയം 1964 ൽ ആരംഭിച്ച ശേഷം ആദ്യമായാണ് പൂർണമായും നവീകരിക്കുന്നത്. രണ്ടു നിലകളിലായി 30,000 ചതുരശ്ര അടിയിൽ സജ്ജമാക്കിയിരിക്കുന്ന മ്യൂസിയത്തിൽ നാലായിരത്തോളം ജന്തുവർഗവുമായി ബന്ധപ്പെട്ട കാഴ്ചകളാണുള്ളത്. എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദർശന വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ അന്യം നിന്ന ജീവികളുടെ ഗ്യാലറി, ജന്തു-ഭൗമശാസ്ത്രപരമായി വേർതിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി എന്നിവ പ്രധാന ആകർഷണങ്ങളാണ്. ആന, തിമിംഗലം എന്നിവ ഉൾപ്പെടെയു ജീവികളുടെ അസ്ഥികൂടങ്ങളും സ്റ്റഫ് ചെയ്ത പക്ഷികളുടെ വിപുലമായ ശേഖരവും പ്രത്യേക ആകർഷണങ്ങളാണ്.