വി മുരളീധരൻ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. നേമത്ത് കുമ്മനത്തിനു സാധ്യത.
മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ കഴക്കൂട്ടത്ത് കെ സുരേന്ദ്രനാണ് സാധ്യത. എന്നാൽ സംസ്ഥാന അധ്യക്ഷൻ ആയിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാട് സുരേന്ദ്രൻ പാർട്ടിയിലെ പലരുമായും പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കളത്തിൽ ഇറങ്ങിയേക്കും. കേന്ദ്രനേതൃത്വം നിർദ്ദേശിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാമെന്നാണ് മുരളീധരന്റെ നിലപാട്. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാർഥിയാകും. മത്സര സാധ്യത മുന്നിൽ കണ്ട് മുരളീധരൻ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലത്തിൽ നിന്നുള്ള പാർട്ടി ജനപ്രതിനിധികളെ നേരിട്ട് പോയി കണ്ടു. കഴക്കൂട്ടം ഫ്ലൈ ഓവർ നിർമ്മാണം അടക്കമുള്ള പ്രാദേശിക വികസന വിഷയങ്ങളിലും മന്ത്രി സജീവമാണ്. കേരളത്തിലെത്തുന്ന സമയങ്ങളിലെല്ലാം കഴക്കൂട്ടം മണ്ഡലത്തിൽ വിവിധ പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെടുന്ന വാർഡുകളിലെല്ലാം വലിയ മുന്നേറ്റം നടത്താനായതാണ് ബിജെപിയുടെ ആത്മവിശ്വാസം. കഴിഞ്ഞതവണ കടകംപള്ളി സുരേന്ദ്രനോട് നേരിയ വോട്ടുകൾക്കാണ് വി മുരളീധരൻ പരാജയപ്പെട്ടത്. കേന്ദ്രമന്ത്രിയെന്ന പ്രതിച്ഛായയും മണ്ഡലത്തിലെ ബിജെപിയുടെ സംഘടനാ ശേഷിയും ചേർന്നാൽ വിജയിച്ചു കയറാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ വിജയിച്ച നേമത്തിനു ശേഷം സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കഴക്കൂട്ടം.
മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ കഴക്കൂട്ടത്ത് കെ സുരേന്ദ്രനാണ് സാധ്യത. എന്നാൽ സംസ്ഥാന അധ്യക്ഷൻ ആയിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാട് സുരേന്ദ്രൻ പാർട്ടിയിലെ പലരുമായും പങ്കുവെച്ചിട്ടുണ്ട്. ശബരിമല ഉൾപ്പെടുന്ന കോന്നിയിൽ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആഗ്രഹം പലരും പങ്കുവെക്കുന്നുണ്ടെങ്കിലും കഴക്കൂട്ടത്തിനാണ് കൂടുതൽ സാധ്യത.
നേമത്ത് കുമ്മനം
സിറ്റിങ് സീറ്റായ നേമത്ത് ഇക്കുറി ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കുമ്മനത്തിന്റെ പേരാണ് ജില്ലാ നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരൻ, നേമത്തെ സാമുദായിക സമവാക്യങ്ങൾക്ക് ഇണങ്ങുന്ന സ്ഥാനാർത്ഥിയുമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേമത്തിൻറെ ഭാഗമായ തദ്ദേശ വാർഡുകളിൽ വലിയ ഭൂരിപക്ഷം നേടാനായത് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. പ്രായാധിക്യം മൂലം ഇനി മത്സരരംഗത്ത് ഇല്ലെന്ന നിലപാട് ഒ രാജഗോപാൽ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതാണ് സിറ്റിംഗ് എംഎൽഎയെ മറികടന്ന് കുമ്മനത്തിന്റെ പേര് ജില്ലാനേതൃത്വം നിർദ്ദേശിച്ചതിനും കാരണം.