ഇന്ത്യയിൽ നിന്നുമുള്ള തേയില ഇറക്കുമതി വർധിപ്പിച്ച് റഷ്യ. വില കൂടുതലുള്ള പ്രീമിയം തേയില പോലും വൻ തോതിൽ വാങ്ങാൻ തയ്യാറാക്കുകയാണ് റഷ്യ. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ തേയില കയറ്റി അയക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ നിന്ന് ചായ വാങ്ങുന്നത് റഷ്യ വർധിപ്പിച്ചു എന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട്.
രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന തേയിലയ്ക്ക് അൻപത് ശതമാനം വില കൂടിയിട്ടും റഷ്യ തേയില വാങ്ങൽ കൂട്ടുകയാണ് ചെയ്തത്. രണ്ട് തരത്തിലുള്ള തേയിലകളാണ് പ്രധാനമായും റഷ്യ വാങ്ങുന്നത്. ഒന്ന് പരമ്പരാഗതമായ രീതിയിൽ നിർമ്മിക്കുന്ന ലൂസ് ലീഫ് തേയിലയും രണ്ടാമത്തേത് സിടിസി തേയിലയും. പരമ്പരാഗതമായ രീതിയിൽ നിർമ്മിക്കുന്ന ചായയ്ക്ക് കൂടുതൽ നിറവും രുചിയും ഉണ്ടാകും. അതെ സമയം ചായക്ക് വളരെ കടുപ്പമുള്ള കയ്പ് കൂടുതലുള്ള രുചിയായിരിക്കും. റഷ്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ലൂസ് ലീഫ് തേയിലയാണ്. അതിനാൽ തെന്നെ ഇതിന്റെ വില 50 ശതമാനത്തോളം ഉയർന്നു.
ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ യുദ്ധം റഷ്യയിലേക്കുള്ള ഇന്ത്യൻ തേയില കയറ്റുമതിയെ തടസ്സപ്പെടുത്തിയിരുന്നു. കൂടാതെ ഇന്ത്യയുടെ തേയില കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇറാനിലേക്കുള്ള കയറ്റുമതിയിൽ പേയ്‌മെന്റ് പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ ചായയുടെ റഷ്യൻ വിപണി വളരെ പ്രധാനമാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന 18 ശതമാനം തേയിലയും റഷ്യയിലേക്കാണ് എന്ന് ഇന്ത്യ ടീ അസോസിയേഷൻ ചെയർപേഴ്‌സൺ നയൻതാര പാൽചൗധരി പറഞ്ഞു.
ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള പ്രധാന തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. 2021-2022 കാലയളവിൽ 32.5 ദശലക്ഷം കിലോ തേയിലയാണ് ഇന്ത്യയിൽ നിന്ന് റഷ്യ ഇറക്കുമതി ചെയ്തത്.