നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണക്കോടതി വീണ്ടും സാവകാശം ചോദിച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണമെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഇനി ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ട്. ഇത് ഉള്‍പ്പെടെ വ്യക്തമാക്കിയാണ് വിചാരണക്കോടതി ജഡ്ജി സാവകാശം തേടിയിരിക്കുന്നത്.
ഒടുവില്‍ കേസ് പരിഗണിച്ചപ്പോഴാണ് ജൂലായ് 31 ന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണ് വിചാരണ വൈകുന്നതെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ദീലീപിന്റെ അഭിഭാഷകര്‍ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നുവെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു. ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കി. എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വിചാരണയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി മതിയെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.