ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിന്റെ സെമിയിൽ കടന്നു. ടൂർണമെന്റിന്റെ അഞ്ചാം റൗണ്ട് മത്സരത്തിനിടെ ലോക ചെസ്സ് ചാമ്പ്യൻ നോർവിയയുടെ മാഗ്നസ് കാൾസനെ തകർത്ത 16-കാരൻ പ്രജ്ഞാനന്ദ, ഇത്തവണ ക്വാർട്ടറിൽ ചൈനീസ് താരം വെയ് യിയെ പരാജയപ്പെടുത്തിയാണ് (2.5-1.5) സെമിയിലേക്ക് മുന്നേറിയത്.
സെമിയിൽ നെതർലൻഡ്സിന്റെ അനിഷ് ഗിരിയാണ് പ്രജ്ഞാനന്ദയുടെ എതിരാളി. മറ്റൊരു സെമിയിൽ മാഗ്നസ് കാൾസൻ ചൈനയുടെ ഡിങ് ലിറനെ നേരിടും.
ടൂർണമെന്റിനിടെ ഈ വർഷം മാഗ്നസ് കാൾസനെതിരേ രണ്ടാം വിജയവും പ്രജ്ഞാനന്ദ സ്വന്തമാക്കിയിരുന്നു. നേരത്തെ ഫെബ്രുവരിയിൽ നടന്ന എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണ് പ്രജ്ഞാനന്ദ കാൾസനെ ആദ്യം തോൽപ്പിക്കുന്നത്.