കേരളത്തിൽ മരുന്ന് സംയുക്തങ്ങൾ നിർമിക്കുന്ന പ്‌ളാന്റ് ഒന്നുപോലുമില്ല

0
301

കണ്ണൂർ: മരുന്നു നിർമാണത്തിനാവശ്യമായ രാസസംയുക്തങ്ങളും ചേരുവകളും നിർമിക്കുന്ന 115 ബൾക്ക് ഫാർമസി പ്ലാന്റുകൾ ഗുജറാത്തിൽ സ്ഥാപിക്കാൻ സർക്കാർ ഉത്തരവായി. രണ്ടായിരത്തോളം കോടിരൂപയുടെ നിക്ഷേപ സാധ്യതയാണ് ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യയിൽ ഏറ്റവുംകൂടുതൽ മരുന്നു വിറ്റഴിക്കപ്പെടുന്ന കേരളത്തിൽ അത്തരം ഒരു യൂണിറ്റുപോലും നിലവിലില്ല. നേരത്തേ ചൈനയിൽനിന്നാണ് ഇന്ത്യൻ കമ്പനികൾ മരുന്നു നിർമാണത്തിനായി ഇവ ഇറക്കുമതി ചെയ്തിരുന്നത്. കോവിഡിന് ശേഷം ചൈനയിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ ഗുജറാത്ത് സാധ്യതകൾ കണ്ടറിഞ്ഞ് പ്രവർത്തനം തുടങ്ങി.

അനുകൂല കാലാവസ്ഥ, അടിസ്ഥാന വികസന സൗകര്യം, യോഗ്യരായ ഉദ്യോഗാർഥികൾ എന്നിവ വേണ്ടത്ര ഉണ്ടായിട്ടും കേരള സർക്കാർ ഫാർമ മേഖലയോട് മുഖം തിരിക്കുന്നതായാണ് ആക്ഷേപം. പ്രതിവർഷം 10,000 കോടി രൂപയുടെ മരുന്നാണ് കേരളത്തിൽ വിറ്റഴിക്കപ്പെടുന്നത്. ‘ബൾക്ക് ഫാർമസികൾ’ ഇല്ലെന്ന് മാത്രമല്ല, സർക്കാരിന്റെതുൾപ്പടെ നിലവിലുള്ള മരുന്നുനിർമാണ യൂണിറ്റുകൾ തകർച്ചയിലാണ്.

ഗുജറാത്തിനുപുറമേ പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ കോവിഡിനുശേഷം വലിയ നിക്ഷേപമിറക്കി ഈ മേഖലയിൽ വലിയമുന്നേറ്റം നടത്തുന്നുണ്ട്. നിലവിൽ ഗുജറാത്തിൽ മൊത്തത്തിൽ 3415 ഫാർമസ്യൂട്ടിക്കൽ നിർമാണ കേന്ദ്രങ്ങളുണ്ട്. രണ്ടു വർഷത്തിനിടെ ഡ്രഗ് ഡിപ്പാർട്ട്മെന്റ് 288 പുതിയ ഫാർമസ്യൂട്ടിക്കൽ നിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട. വിറ്റാമിനുകൾ, ആന്റിബയോട്ടിക്കുകൾ, സ്റ്റിറോയിഡുകൾ എന്നിവയ്ക്കായുള്ള ബൾക്ക് മരുന്നുകൾ ഇനി ഗുജറാത്തിൽനിന്ന് വാങ്ങാൻ പറ്റും.

ചൈനയിൽനിന്ന് വരവ് കുറഞ്ഞതോടെ 40,000 ബ്രാൻഡഡ് മരുന്നുകൾക്ക് 11 ശതമാനത്തോളം വില കൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here