ദില്ലി: വലിയ തർക്കങ്ങള്‍ക്കൊടുവില്‍ കർണാടകയിലെ നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പാർട്ടിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള രണ്ട് സീറ്റിലെ സ്ഥാനാർത്ഥികളെയാണ് എ ഐ സി സി പ്രഖ്യാപിച്ചിരിക്കുന്നത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ ക്യാമ്പുകളില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന 2016-നും 2018-നും ഇടയിൽ കോൺഗ്രസ് വക്താവും ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയർമാനുമായ എം നാഗരാജു യാദവിനെയും പാർട്ടിയുടെ ന്യൂനപക്ഷ സെൽ മേധാവിയായി നിയമിതനായ മുതിർന്ന നേതാവ് അബ്ദുൾ ജബ്ബാറിനേയുമാണ് കൗൺസില്‍ തിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവരും സിദ്ധരാമയ്യ, ശിവകുമാർ ക്യാമ്പുകളില്‍ നിന്നുള്ള നേതാക്കള്‍ കൂടിയാണ്
ജൂൺ 16 ന് ഒഴിവു വരുന്ന ഏഴ് സീറ്റുകളിലേക്കാണ് അടുത്ത മാസം എം എൽ സി തിരഞ്ഞെടുപ്പ് നടക്കുന്നത്. 224 എംഎൽഎമാരാണ് എംഎൽഎമാരെ തിരഞ്ഞെടുക്കുന്നത് – 69 എംഎൽഎമാരുള്ള കോൺഗ്രസിന് രണ്ട് സ്ഥാനാർഥികളെ വിജയിപ്പിക്കാന്‍ സാധിക്കും. 121 എംഎൽഎമാരുള്ള ബിജെപിക്ക് നാല് എംഎൽസിമാരേയും 32 എംഎൽഎമാരുള്ള ജെഡിഎസിനും ഒരു എംഎൽസിയെ തിരഞ്ഞെടുക്കാൻ സാധിക്കും.
കൗൺസിലിലെ മുൻ പ്രതിപക്ഷ നേതാവ് എസ്.ആർ പാട്ടീലിന് ടിക്കറ്റ് നൽകുന്നതിനെച്ചൊല്ലി വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കോൺഗ്രസ് നേതാക്കളായ ശിവകുമാറിനും സിദ്ധരാമയ്യക്കും ഇടയിലുണ്ടായിരുന്നത്. പാട്ടീലിനെ വീണ്ടും മത്സരിപ്പിക്കണമെന്നും അദ്ദേഹം വടക്കൻ കർണാടകയിൽ നിന്നുള്ള ലിംഗായത്തായതിനാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അത് പാർട്ടിയെ സഹായിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ വാദം. അതേസമയം സമുദായത്തിലെ മറ്റേതെങ്കിലും നേതാവിന് അവസരം നൽകണമെന്ന നിലപാടുകാരനായിരുന്നു പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ. കോണ്‍ഗ്രസിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാന്‍ എ ഐ സി സി നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. “രണ്ട് സീറ്റുകളിലേക്ക് 200-ലധികം സ്ഥാനാർത്ഥികളുണ്ടായിരുന്നു,” എന്നാണ് പേരുകൾ അന്തിമമാക്കാൻ ഞായറാഴ്ച ഡൽഹിയിലെത്തിയ ശേഷമുള്ള ഡികെ ശിവകുമാറിന്റെ പ്രതികരണം. തർക്കം രൂക്ഷമായപ്പോള്‍ ഒടുവിൽ, ഒബിസി പശ്ചാത്തലത്തിൽ നിന്നുള്ള നേതാവായ നാഗരാജു യാദവിന്റെ സ്ഥാനാർത്ഥിത്വത്തിൽ സിദ്ധരാമയ്യ ഒത്തുതീർപ്പുണ്ടാക്കിയതായും ശിവകുമാർ അബ്ദുൾ ജബ്ബാറിനെ തിരഞ്ഞെടുത്തുവെന്നുമാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം, രാജ്യസഭാംഗം മല്ലികാർജുൻ ഖാർഗെയും നടപടികളിൽ സജീവമായി ഇടപെടുകയും തന്റെ അനുയായി ടിപ്പണ്ണ കാമകനൂറിന് ടിക്കറ്റ് ഉറപ്പാക്കാന്‍ ചരട് വലികള്‍ നടത്തുകയും ചെയ്തിരുന്നു. ന്യൂനപക്ഷ ക്വാട്ടയിൽ ഇത്തവണ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയും രംഗത്ത് എത്തിയിരുന്നു.