തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിവാദത്തില്‍ വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓപ്പണ്‍ സര്‍വകലാശാല സാധാരണ സര്‍വകലാശാല പോലെ തന്നെ.
മറ്റെന്തെങ്കിലും പ്രത്യേകത കണക്കിലെടുത്തല്ല ഇവിടെ നിയമനം നടത്തുക-മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ശ്രീനാരായണീയനെ നിയമിച്ചില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളെ വിസിയായി നിയമിച്ചെന്ന വെള്ളാപ്പള്ളി വിമര്‍ശനത്തിന് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വിസിമാരുടെ പേര് വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം.
എല്ലാ സര്‍വകലാശാലകളിലേയും പോലെ ഇവിടെയും വിസി നിയമനം നടത്തിയത് അക്കാദമികവും ഭരണ മികവും കണക്കിലെടുത്താണ്. ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഗുരുവിന്റെ പേര് നല്‍കിയത് അദ്ദേഹത്തെ സര്‍ക്കാര്‍ തലത്തില്‍ ആദരിക്കണം എന്ന തീരുമാനത്തിന്റെ ഭാഗമായാണ്.
ഒരു വിഭാഗം ആളുകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ചിന്തയോടെ പ്രവര്‍ത്തിച്ച നവോത്ഥാന നായകനാണ് ഗുരു. ആ നിലയ്ക്ക് ആദരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഓപ്പണ്‍ സര്‍വകലാശാലയ്ക്കു അദ്ദേഹത്തിന്റെ പേര് നല്‍കിയത്. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. മറ്റെന്തിങ്കിലും തരത്തില്‍ അതിനെ വിലകുറച്ച് കാണാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നും മന്ത്രി കെ.ടി ജലീല്‍ നിര്‍ബന്ധിച്ചാണ് പ്രവാസിയെ വിസി ആക്കിയതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാന്‍ പറയുമ്ബോള്‍ കിടക്കുന്ന സംസ്കാരമാണ് ഇടതുപക്ഷത്തിന്റേത്.
സര്‍വകലാശാല ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കം ആക്കിമാറ്റിയ സര്‍ക്കാര്‍ ഉദ്ഘാടനത്തിന് എസ്എന്‍ഡിപി ഭാരവാഹികളെ ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.