ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 404 റണ്‍സിന് ഓള്‍ഔട്ട്. ആര്‍ അശ്വിന്‍ (58), കുല്‍ദീപ് യാദവ് (40) എന്നിവര്‍ രണ്ടാം ദിനം നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്കെത്തിച്ചത്.
ചേതേശ്വര്‍ പുജാര (90) ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (86) ഗംഭീര പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ് ലാമും മെഹതി ഹസന്‍ മിറാസും നാല് വിക്കറ്റുകള്‍ പങ്കിട്ടു. ഇബാദോത്ത് ഹൊസൈനും ഖാലിദ് അഹമ്മദും ഓരോ വിക്കറ്റും വീഴ്ത്തി.
ആറ് വിക്കറ്റിന് 278 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ശ്രേയസ് അയ്യരെയാണ് ആദ്യം നഷ്ടമായത്. 192 പന്തില്‍ 10 ബൗണ്ടറിയടക്കം 86 റണ്‍സ് നേടിയ ശ്രേയസിനെ ഇബദോത്ത് ഹൊസൈന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
ശ്രേയസ് മടങ്ങിയതോടെ ഇന്ത്യ 350നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും എട്ടാം വിക്കറ്റിലെ ആര്‍ അശ്വിന്‍-കുല്‍ദീപ് യാദവ് കൂട്ടുകെട്ട് ഇന്ത്യയെ മാന്യമായ നിലയിലേക്കെത്തിച്ചു. 113 പന്തുകള്‍ നേരിട്ട് 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടിയ അശ്വിനെ മെഹതി ഹസന്‍ മിറാസ് പുറതാക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 385 എന്ന മികച്ച സ്‌കോറിലേക്കെത്തിയിരുന്നു. എട്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അശ്വിന്‍ മടങ്ങിയത്. മെഹതി ഹസനെ ക്രീസില്‍ നിന്ന് കയറിക്കളിക്കാനുള്ള അശ്വിന്റെ ശ്രമം പിഴച്ചപ്പോള്‍ സ്റ്റംപിങ്ങിലൂടെ പുറത്തായി. തൊട്ട് പിന്നാലെ കുല്‍ദീപ് യാദവിനെ (40) തയ്ജുല്‍ ഇസ്ലാം എല്‍ബിയില്‍ കുടുക്കി. 114 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സാണ് കുല്‍ദീപ് വാലറ്റത്ത് കാഴ്ചവെച്ചത്. അവസാനക്കാരനായ മുഹമ്മദ് സിറാജ് (4) വമ്പന്‍ ഷോട്ടിന് ശ്രമിച്ച് മെഹതി ഹസന് ക്യാച്ച് നല്‍കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 133.5 ഓവറില്‍ 404 റണ്‍സില്‍ അവസാനിച്ചു. ഉമേഷ് യാദവ് (15) പുറത്താവാതെ നിന്നു. ആദ്യ ദിനം ചേതേശ്വര്‍ പുജാരയും (90) ഇന്ത്യക്കായി ഫിഫ്റ്റി നേടി. റിഷഭ് പന്തും (46) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മെഹതി ഹസന്‍ മിറാസ് രണ്ടും ഖാലിദ് അഹമ്മദ് ഒരു വിക്കറ്റും നേടി.