എച്ച് 3 എന്‍ 2 വൈറസ്; രാജ്യത്ത് ആദ്യ മരണം കര്‍ണാടകയില്‍

0
74

എച്ച് 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന പനി ബാധിച്ച് കര്‍ണാടകയില്‍ ഒരാള്‍ മരിച്ചു. ഹാസന്‍ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എച്ച് 3 എന്‍ 2 വൈറസ് വ്യാപിക്കുന്നതില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞതിന് ദിവസങ്ങള്‍ക്കുള്ളിലാണ് മരണം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ആയിരക്കണക്കിന് എച്ച് 3 എന്‍ 2 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഫ്‌ലുവന്‍സ എ വൈറസ് എന്നറിയപ്പെടുന്ന ഒരു തരം ഇന്‍ഫ്‌ലുവന്‍സ വൈറസാണ് H3N2. എല്ലാ വര്‍ഷവും രോഗം ഉണ്ടാക്കുന്ന ശ്വാസകോശ വൈറല്‍ അണുബാധയാണിത്. എച്ച് 3 എന്‍ 2 വൈറസ് മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നാളത്തെ ആശുപത്രിവാസത്തിന് കാരണമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറഞ്ഞു.

ലക്ഷണങ്ങള്‍

തൊണ്ടവേദന, ചുമ, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയ്ക്കൊപ്പമുള്ള പനിയാണിതെന്ന് ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ദീപ് ഗുലേറിയ പറഞ്ഞു. വയറിളക്കം, ഛര്‍ദ്ദി, ശ്വാസതടസ്സം എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദിവസത്തിന് ശേഷം പനി മാറുമെന്ന് ഐസിഎംആര്‍ പറഞ്ഞു, എന്നാല്‍ ചുമ മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കും.

വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും അതിനെതിരായ ആളുകളുടെ പ്രതിരോധശേഷി കുറയുകയും ചെയ്തതിനാല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ചികിത്സ, പ്രതിരോധം

ഈ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ഒഴിവാക്കാന്‍ ആളുകളോട് ആവശ്യപ്പെട്ട് ഐസിഎംആര്‍ രംഗത്തെത്തിയിരുന്നു. പനിയും ശരീരവേദനയും ഉണ്ടാകുമ്പോള്‍ പാരസെറ്റമോള്‍ ഉപയോഗിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് വൈറസ് പിടിപെടുന്നത് തടയാനുള്ള മാര്‍ഗമെന്ന് ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here