കോട്ടയം: കോട്ടയത്ത് റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് വലിച്ചുകിട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്. കാരാപ്പുഴ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. മുന്നറിയിപ്പ് ബോർഡില്ലാതെയാണ് കയർ വലിച്ചു കെട്ടിയതെന്നാണ് ഉയരുന്ന ആക്ഷേപം.
കോട്ടയം പുളിമൂട് ജംഗ്ഷനിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള റോഡിൽ ടൈൽ പാകുന്നതിനുള്ള പണി നടക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ് ബോർഡുകൾ ഒന്നുമില്ലാതെ കയർ വലിച്ചു കെട്ടിയിരുന്നത്. രാവിലെ ബൈക്കിൽ ഈ വഴി വരികയായിരുന്ന കാരാപ്പുഴ സ്വദേശി ജിഷ്ണു എന്ന യുവാവിന്റെ കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. കയർ കഴുത്തിൽ കുരുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് ജിഷ്ണു നിലത്തുവീണു ശരീരമാസകലം പരിക്കേറ്റു.
എന്നാല്‍, കയറിൽ പച്ചില കെട്ടിയിരുന്നുവെന്നും ജിഷ്ണു അമിത വേഗത്തിൽ വന്നതിനാലാണ് അപകടമുണ്ടാകുന്നതാണ് കരാറുകാരന്റെ വിശദീകരണം. മുന്നറിയിപ്പ് ബോർഡ് വയ്ക്കാനുള്ള പണം സർക്കാരിൽ നിന്ന് കിട്ടുന്നില്ലെന്നും കരാറുകാരൻ വിശദീകരിച്ചു.