പാലക്കാട്ടെ പാതിരാത്രിയിലെ റെയ്ഡ്; പ്രതികരണവുമായി സ്ഥാനാർത്ഥികൾ

0
56

പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ താമസിക്കുന്ന കെപിഎം ഹോട്ടൽ സമുച്ചയത്തിൽ കഴിഞ്ഞ അർദ്ധ രാത്രി പോലീസ് നടത്തിയ റെയ്ഡ് പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. പരസ്പരം പഴിചാരി മൂന്ന് മുന്നണികളും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസില്ലാതെ കടന്നു കയറാൻ ശ്രമിച്ചെന്ന ആരോപണവും ശക്തമാകുകയാണ്. വിവാദത്തോട് പ്രതികരിച്ച് പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രംഗത്തെത്തി.

പൊലീസിൻ്റെ പാതിരാ പരിശോധനയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും രാഹുൽ പറഞ്ഞു.

കാന്തപുരം മുസ്‌ലിയാരെ കാണുന്നതിനായി താൻ കോഴിക്കോടേക്ക് വന്നിരിക്കുകയാണ് രാഹുൽ. പൊലീസ് റെയ്‌ഡിൻ്റെ വിവരം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പൊലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പൊലീസ് പറഞ്ഞുവെന്നും രാഹുൽ പറഞ്ഞു.

പോലീസ് റെയ്‌ഡിൽ സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചുവെന്ന് ടിവി രാജേഷും ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചെന്ന് പ്രഫുൽ കൃഷ്ണയും പറഞ്ഞിട്ടുണ്ട്. ഡിവൈഎഫ്ഐക്കാരുടെ മുറി പരിശോധിച്ചതിൽ ബിജെപിക്കോ, ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതിൽ സിപിഎമ്മിനോ പ്രതിഷേധമില്ല. മുൻകൂട്ടി തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇരു കൂട്ടരും ഒരുമിച്ച് പ്രതിഷേധിച്ചത്. അടിമുടി ദുരൂഹതയാണ് റെയ്‌ഡിലെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം ഹോട്ടലിൽ പോലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു.

സിപിഎം-ബിജെപി നേതാക്കള്‍ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. അതിൽ ഒരു ഡീലുമില്ല. ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

അതേസമയം പാലക്കാട് കോൺഗ്രസ് രാഷ്ടീയ അട്ടിമറിക്ക് ശ്രമിച്ചെന്ന് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ ആരോപിച്ചു. ഷാഫി എങ്ങിനെയാണ് വടകരയിൽ ജയിച്ചതെന്ന് വ്യക്തമായി തനിക്ക് അറിയാമെന്നും സരിൻ പറഞ്ഞു. രാത്രി ഏറെ വൈകി നടന്ന അന്ത നാടകങ്ങൾജനങ്ങൾ തിരിച്ചറിയുമെന്നും സരിൻ പറഞ്ഞു. പാലക്കാട് കള്ളപ്പണം എത്തി തുടങ്ങിയന്നും കൈമാറി തുടങ്ങിയെന്നും കഴിഞ്ഞ 48 മണിക്കൂർ മുമ്പ് തന്നെ താൻ മാധ്യമങ്ങളോട് പറഞ്ഞതായിരുന്നുവെന്നും സരിൻ പറഞ്ഞു. പോലീസ് വിഷയത്തിൽ തുടരന്വേഷണം നടത്തട്ടെയെന്നും സരിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here