പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നിലപാടറിയി ക്കാൻ കേരളത്തിൽ ബഹുജന റാലി. ഇന്ന് മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. രാവിലെ പത്ത് മണിക്ക് മച്ചിങ്ങല്‍ ജംഗ്ഷനില്‍ നടക്കുന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. വിവിധ മതസാമുദായിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. റാലിയിലേക്ക് ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സി എ എയുടെ ലക്ഷ്യമെന്നാണ് കോഴിക്കോട് റാലിയിൽ പിണറായി വിജയൻ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനം. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്‌ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന് ആര്‍ എസ് എസ് നിലപാടാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. ഇടതുമുന്നണിയിൽ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ നിശ്ചയിച്ചിരിക്കുന്നത്. 27 ന് കൊല്ലം മണ്ഡലത്തിൽ പരിപാടി സമാപിക്കും. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.