ഇടുക്കി/കുമളി: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക‌് ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സർക്കാർ പൂർത്തീകരിച്ചത‌്. ഏതാനും മാസം മുമ്പ‌് ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾക്ക് ഫലം കണ്ടു. ഉൽഘാടന ചടങ്ങ് തിങ്കളാഴ്ച പകൽ 10.30ന് വണ്ടിപ്പെരിയാർ വള്ളക്കടവ‌് ചെക‌്പോസ‌്റ്റിനു സമീപം നടക്കും. വൈധ്യുതി മന്ത്രി എം എം മണി പദ്ധതി ഉദ‌്ഘാടനം ചെയ്യും. അധ്യക്ഷയായി, ഇ എസ‌് ബിജിമോൾ എംഎൽഎ യും ഉണ്ടാകും.
സ്‌പിൽവേ ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ, വണ്ടിപ്പെരിയാർ 1980ൽ വള്ളക്കടവിൽ നിന്ന്, വനത്തിന‌് നടുവിലൂടെയുള്ള റോഡിലൂടെ 11 കെവി ലൈൻ വലിച്ചാണ് വൈദ്യുതി നൽകിയിരുന്നത‌്. ലൈനിന്റെ കാലപ്പഴക്കം മൂലവും വന്യജീവികൾ ഷോക്കേറ്റുമരിച്ചതും മൂലം ഇതുവഴിയുള്ള വൈദ്യുതി വിതരണം നിലച്ചിരുന്നു. വനത്തിലൂടെ ട്രെഞ്ച‌് നിർമിച്ച‌് ഭൂഗർഭ കേബിൾ സ്ഥാപിച്ച‌് വൈദ്യുതി എത്തിക്കാനുള്ള നീക്കത്തിന,് വനംവകുപ്പിന്റെ അനുമതി ലഭിക്കാനും കാലതാമസം വേണ്ടി വന്നു. 1.6 കോടി രൂപ ചെലവിൽ 5.6 കിലോമീറ്റർ നീളത്തിലാണ് ഭൂഗർഭ കേബിൾ സ്ഥാപിച്ചിരിക്കുന്നത‌്.