വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വീട്ടിൽ പരിശോധന നടത്തി എഫ്ബിഐ. ഫ്‌ളോറിഡയിലെ മാര്‍ അലാഗോയിലുളള വസതിയിലാണ് എഫ്ബിഐ പരിശോധന നടത്തിയത്. ട്രംപിന്റെ വീട്ടിലെ റെയ്ഡ് അമേരിക്കയിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷിതമാക്കിയിരിക്കുകയാണ്. ശിക്ഷാര്‍ഹമായ നീക്കമാണ് എഫ്ബിഐ നടത്തിയിരിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രതികരണം.
എഫ്ബിഐ ഏജന്റുമാര്‍ വീട്ടില്‍ വന്ന് പരിശോധന നടത്തിയ വിവരം ട്രംപ് തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്റെ മനോഹരമായ വീട് ഇപ്പോള്‍ ഒരു സംഘം എഫ്ബിഐ ഏജന്റുമാരാല്‍ പിടിച്ചെടുക്കപ്പെട്ടിരിക്കുകയാണ്, പരിശോധന നടക്കുകയാണ്, ട്രംപ് വ്യക്തമാക്കി. ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന സമയത്തുളള ചില സുപ്രധാന രേഖകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത് എന്നാണ് സൂചന. പ്രസിഡണ്ടിന്റെ ഓഫീസില്‍ നിന്നും ചില രേഖകള്‍ ട്രംപ് വീട്ടിലേക്ക് കടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.