കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പ്രതിഷേധങ്ങൾ ശക്തമാകുന്നു

0
64

കശ്മീർ; കശ്മീർ താഴ്‌വരയിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പ്രതിഷേധങ്ങൾ ശക്തമാകുന്നു. തീവ്രവാദികളുടെ നിരന്തരമായ അക്രമണത്തെ തുടർന്ന് പ്രദേശം വിട്ട് പോകാൻ പണ്ഡിറ്റുകൾ നിർബന്ധിതരായിരുന്നു. എന്നാൽ ഈ നീക്കത്തെ ഭരണകൂടം പരാജയപ്പെടുത്താൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. താഴ്‌വരയിലെ അവരുടെ ട്രാൻസിറ്റ് ക്യാമ്പുകളുടെ പരിസരത്ത് ഇവർ കുത്തിയിരിപ്പും പ്രതിഷേധവും നടത്തി.

നിലിവിൽ അനന്ത്നാഗ്, കുൽഗാം, ബുഡ്ഗാം, ഗന്ദേർബൽ, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിൽ നാലായിരത്തിലധികം കാശ്മീരി പണ്ഡിറ്റ് ജീവനക്കാർ ജീവിക്കുന്നുണ്ടെന്നാണ് വിവരം.ഇവരിൽ മിക്കവരും പ്രതിഷേധങ്ങളിൽ പങ്കെടുത്തു. അതേ സമയം പണ്ഡിറ്റ് അധ്യാപകരെ താഴ്‌വരയിലെ സുരക്ഷിത സ്ഥാനങ്ങളിൽ നിയമിക്കാൻ ലെഫ്റ്റനന്റ് ഗവർണറുടെ ഭരണകൂടം ഉത്തരവിട്ടു. നേരത്തെ പ്രദേശം വിട്ടുപോകാനായി പണ്ഡിറ്റുകൾ അവരുടെ താമസസ്ഥലങ്ങൾ ലേലത്തിൽ വെച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നിർത്തിവെക്കുകയായിരുന്നു. “കൂട്ട കുടിയേറ്റത്തിന്റെയും രാജിയുടെയും ഭാഗമായി ഞങ്ങൾ മട്ടൻ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചെങ്കിലും ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളെ അനുവദിച്ചില്ല,” അനന്ത്നാഗിലെ മട്ടൻ ക്യാമ്പിൽ താമസിക്കുന്ന പണ്ഡിറ്റ് ജീവനക്കാരൻ പറഞ്ഞു.

താഴ്‌വരയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റണം എന്ന ആവിശ്യവുമായി പ്രതിഷേധിക്കുന്ന പണ്ഡിറ്റ് ജീവനക്കാരുടെ ആവശ്യത്തിൽ ഭരണകൂടത്തിന് തൃപ്തിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ ആവശ്യം ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല. വ്യാഴാഴ്ച വരെ സ്ഥലം മാറ്റത്തിൽ തീരുമാനമെടുക്കാൻ ജീവനക്കാർ സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. “ജീവൻ പണയപ്പെടുത്തി ജോലി തുടരാനാവില്ല. താഴ്‌വരയ്ക്ക് പുറത്ത് സ്ഥലം മാറ്റാനുള്ള ഞങ്ങളുടെ ഒരേയൊരു ആവശ്യം സർക്കാർ ചർച്ച ചെയ്യുമെന്നും ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്,” ശ്രീനഗറിൽ താമസിക്കുന്ന പണ്ഡിറ്റ് ജീവനക്കാരൻ പറഞ്ഞു.

അതേസമയം മുസ്‌ലിം ഇതര ജീവനക്കാരെ അവരുടെ ഇഷ്ടമുള്ളതും സുരക്ഷിതവുമായ സ്ഥലങ്ങളിൽ നിയമിക്കാൻ കശ്മീരിലെ വിദ്യാഭ്യാസ വകുപ്പ് ചീഫ് എഡ്യൂക്കേഷൻ ഓഫീസർമാരോട് (സിഇഒ) നിർദ്ദേശം നൽകി. അതിനിടെ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ പ്രധാന ഉത്സവങ്ങളിലൊന്നായ വാർഷിക മേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാ ഗമായി ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഗന്ദർബാൽ പ്രദേശത്തെ ഖീർ ഭവാനി ക്ഷേത്രം സന്ദർശിച്ചു. ജൂൺ എട്ടിന് നടക്കുന്ന മേളയിൽ പണ്ഡിറ്റുകൾ വൻതോതിൽ പങ്കെടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. പ്രദേശത്ത് രാപ്പകൽ പട്രോളിങ്ങ് തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here