1800-കളിലെ വിക്ടോറിയൻ കാലഘട്ടത്തിൽ, നെപ്പോളിയൻ ഈജിപ്ത് കീഴടക്കിയത് യൂറോപ്യന്മാർക്ക് ഈജിപ്ഷ്യൻ ചരിത്രത്തിന്റെ കവാടങ്ങൾ തുറന്നുകൊടുത്തു.അക്കാലത്ത്, യൂറോപ്യൻ വരേണ്യവർഗം മമ്മികളെ അർഹമായ രീതിയിൽ സംരക്ഷിച്ചിരുന്നില്ല എന്നാണ് ചരിത്രം. മമ്മികളെ അക്കാലത്തെ മനുഷ്യർ എത്ര വികൃതമായാണ് കൈകാര്യം ചെയ്തതെന്ന് നോക്കം.
പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും പ്രധാന പരിപാടിയായി ഉപയോഗിക്കുന്നതിന് തെരുവ് കച്ചവടക്കാർ വിലപനക്ക് നിരത്തിയിരുന്ന മമ്മികളെ വാങ്ങാമായിരുന്നു. ആ കാലഘട്ടത്തിലെ ഉന്നതർ പലപ്പോഴും“Mummy Unwrapping Parties” നടത്തിയിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ബഹളമയമായ സദസ്സിനു മുന്നിൽ മമ്മിയെ പ്രദർശിപ്പിക്കുകയും അതിന്റെ ചുറ്റും നിന്ന് ആഹ്ലാദിക്കുകയും കരഘോഷിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്തരം പാർട്ടികളിലെ രീതി. ആഘോഷത്തിനിടക്ക് എപ്പോഴോ മമ്മിയെ തുണിയഴിക്കാൻ തുടങ്ങും. അതിന്റെ അകത്തെ വസ്തുക്കൾ ഓരോന്നായി വിവരണങ്ങളോടെ സദസ്സിൽ അവതരിപ്പിക്കും.
വിചിത്രമായ ഈ വിനോദ പരിപാടിക്ക് തുടക്കം കുറിച്ചത് ഇംഗ്ലീഷ് സർജൻ തോമസ് പെറ്റിഗ്രൂവാണ് (1791- 1865).
വിക്ടോറിയ രാജ്ഞിക്ക് വാക്സിനേഷൻ നൽകിയ ശാസ്ത്രജ്ഞനായിരുന്ന തോമസ് പെറ്റിഗ്രൂ ഒരു പുരാവസ്തുഗവേഷകനും, മമ്മികളെക്കുറിച്ചും പുരാതന വൈദ്യശാസ്ത്രത്തെക്കുറിച്ചും അക്കാലത്തെ ഏറ്റവും ആഴത്തിലുള്ള ചില പുസ്തകങ്ങൾ എഴുതിയ വ്യക്തിയുമാണ്. പക്ഷേ, മമ്മികളെ വസ്ത്രാക്ഷേപം നടത്തുന്ന പാർട്ടികളെ ജനപ്രിയമാക്കിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹം ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നു.
1821-ൽ ഒരു കൂട്ടം ഫിസിഷ്യൻമാരുടെ മുമ്പാകെയാണ് പെറ്റിഗ്രൂവിന്റെ ആദ്യത്തെ അഴിച്ചുപണി നടന്നത് (ഒരു പരിധിവരെ ഇത് ശാസ്ത്രീയമായ ഗവേഷണത്തിനാണെന്ന് സമ്മതിക്കാം), എന്നാൽ 1830-കളോടെ, മമ്മികളുടെ ശാസ്ത്രീയ മൂല്യത്തേക്കാൾ ‘ആകാംക്ഷ’ മൂല്യത്തിൽ താൽപ്പര്യമുള്ള കാഴ്ചക്കാർക്ക് മുന്നിൽ അദ്ദേഹം മമ്മികൾ തുറക്കാൻ തുടങ്ങി. ഒടുവിൽ, അദ്ദേഹം സ്വകാര്യമായ പാർട്ടികൾ സംഘടിപ്പിച്ചു യൂറോപ്യരെ ഹരം കൊള്ളിച്ചു. വിക്ടോറിയൻ സമൂഹത്തിലെ ഉന്നതന്മാർ സമൂഹത്തിൽ തലയെടുപ്പ് ലഭിക്കാൻ അദ്ദേഹത്തെ അനുകരിക്കാനും തുടങ്ങി.
ആ കാലഘട്ടത്തിൽ, മമ്മികൾ പൊടിച്ച് ഭസ്മമാക്കി മരുന്നായി ഉപയോഗിച്ചിരുന്നു. മമ്മി ഭസ്മത്തിന് നല്ല ഡിമാന്റുമുണ്ടായി. മമ്മിപ്പൊടികൾ വ്യാപകമായി കിട്ടാതായപ്പോൾ മരിച്ചുപോയ യാജകരുടെയും മറ്റും മാംസം കൊണ്ട് നിർമ്മിച്ച വ്യാജ ഭസ്മങ്ങളും വിപണിയിൽ വരാൻ തുടങ്ങി.
വ്യാവസായിക വിപ്ലവം പുരോഗമിച്ചപ്പോൾ, ഈജിപ്ഷ്യൻ മമ്മികൾ കൂടുതൽ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെട്ടു. മനുഷ്യരുടെയും മൃഗങ്ങളുടെയും മമ്മികൾ വൻതോതിൽ നിലത്തിട്ട് വളമായി ഉപയോഗിക്കുന്നതിനായി ബ്രിട്ടനിലേക്കും ജർമ്മനിയിലേക്കും കയറ്റി അയച്ചു. ഒപ്പം മമ്മി ബ്രൗൺ കളറുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കപ്പെട്ടു. മമ്മികളുടെ അന്തർഭാഗങ്ങളിൽ നിന്നുമാണ് ഇത്തരം കളർ വസ്തുക്കൾ ലഭിച്ചിരുന്നത്. ചിത്രനിർമ്മാണത്തിലും മറ്റും ഈട് ലഭിക്കാൻ മമ്മികളിലെ മാംസത്തിൽ അലിഞ്ഞ കളറുകൾ പ്രയോചനപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു.
മമ്മി പൊതിഞ്ഞ വസ്തുക്കൾ പേപ്പർ നിർമ്മാണ വ്യവസായത്തിൽ ഉപയോഗിക്കുന്നതിനായി യുഎസിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു.
എന്തിനധികം ഒരു കാലത്ത് ഈജിപ്തിൽ തീവണ്ടി എഞ്ചിനുകൾക്ക് ഇന്ധനമായി വരെ മമ്മികൾ കത്തിച്ചതായി എഴുത്തുകാരൻ മാർക്ക് ട്വെയിൻ രേഖപ്പെടുത്തുകയുണ്ടായി.
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടോടെ മമ്മികൾക്ക് നല്ല കാലം വന്നു തുടങ്ങി. പ്രദർശനത്തിനുള്ള വിലയേറിയ വസ്തുക്കളായി മമ്മികൾ മാറി. സമ്പന്നരായ യൂറോപ്യൻ, അമേരിക്കൻ സ്വകാര്യ പുരാവസ്തു സൂക്ഷിപ്പുകാർ മമ്മികൾക്ക് വേണ്ടി മത്സരമായി. മമ്മികൾക്ക് ആവശ്യക്കാർ ഏറിയതോടെ വധിക്കപ്പെട്ട കുറ്റവാളികൾ, വയോധികർ, ദരിദ്രർ, മാരകരോഗങ്ങൾ ബാധിച്ച് മരിച്ചവർ എന്നിവരുടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ടോ ബിറ്റുമിൻ നിറച്ചോ സൂര്യപ്രകാശം ഏൽപ്പിച്ചോ വ്യാജ മമ്മികൾ ധാരാളമായി നിർമ്മിക്കപ്പെടാനും അവ വിപണിയിലെത്താനും തുടങ്ങി.
ചരിത്രസംഭവങ്ങൾ വിചിത്രമായി തോന്നാമെങ്കിലും ഇന്ന് നാം കാണുന്ന “മമ്മികളുടെ” അവശിഷ്ടങ്ങൾ 1000 വർഷം പഴക്കമുള്ളതാണെന്നൊക്കെ പറയപ്പെടുന്നു. യൂറോപ്യന്മാർക്ക് വിൽക്കാനായി സൂത്രശാലിയായ ഇജിപ്ഷ്യൻ മമ്മി കച്ചവടക്കാരൻ ശവകുടീരങ്ങളിൽ കുഴിച്ചിട്ട ഏതെങ്കിലും പഴയ യാചകന്റെ ശരീരം മമ്മിയാക്കി വിറ്റതാണെങ്കിലോ ? ആർക്കറിയാം.