നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചെടുക്കുക, അവശ്യ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുക, ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന കരളിനെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയാണ് ലോക കരൾ ദിനം
യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവർ (EASL) 1966-ൽ ഇഎഎസ്‌എല്ലിന്റെ സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ട് 2010 മുതലാണ് ലോക കരൾ ദിനം ആചരിക്കാൻ തുടങ്ങിയത്. ആഗോളതലത്തിൽ ഓരോ വർഷവും 20 ലക്ഷം ആളുകൾ കരൾ രോഗങ്ങൾ മൂലം മരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. 2030 ആകുമ്പോഴേക്കും ഈ സംഖ്യ 35 ശതമാനം വരെ വർധിക്കുമെന്നും കരുതുന്നു.
‘ജാഗ്രത പാലിക്കൂ, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങളെ തടയുക’ എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിൻ്റെ പ്രമേയം. മദ്യപിക്കുന്നവർക്ക് മാത്രമാണ് കരൾ രോഗം പിടിപ്പെടുകയെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. എന്നാൽ മദ്യപര്‍ അല്ലാത്തവരില്‍ കണ്ടുവരുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇന്ന് വർധിച്ചുവരികയാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ലിവർ സിറോസിസിലേക്കോ കാൻസറിലേക്കോ വരെ നയിച്ചേക്കാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവർ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരൾ തകർച്ചയിലേക്കോ രോഗത്തിലേക്കോ നയിക്കുന്ന മറ്റ് ഘടകങ്ങളാണ്.
ലക്ഷണങ്ങൾ പ്രകടമാകാത്തതിനെ തുടർന്ന് രോഗനിർണയം വൈകുന്നതാണ് പലപ്പോഴും അപകടമാകുന്നത്. കരൾ രോഗങ്ങൾ പലപ്പോഴും മൂർച്ഛിച്ച ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാവുക. ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിതമായി ശരീരം ശോഷിക്കുക, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയവയൊക്കെ കരൾ രോഗങ്ങളുടെ ലക്ഷണങ്ങളായി കാണാപ്പെടാറുണ്ട്.ആവശ്യത്തിനുള്ള ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മദ്യവും പുകയിലയും ഒഴിവാക്കുക എന്നിവ നമ്മുടെ കരൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കും.