കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സിപിഎം. പരാജയം സമ്മതിക്കുന്നു. സ്ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു.
‘ഒരു മാസക്കാലം ഞങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ രീതി നോക്കുമ്പോൾ ഒരു കാരണവശാലം ഇത്തരമൊരു ഫലം പ്രതീക്ഷിക്കുന്നില്ല. സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എൽഡിഎഫ് ഒരു സ്ഥാനാർഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. അത് ജോ ജോസഫാണ്. വോട്ടുകൾ ലഭ്യമാക്കുന്നതിൽ പാർട്ടി പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാൽ വ്യത്യസ്തമായ ഒരു ജനവിധി ഉണ്ടായിരിക്കുന്നു’, സി.എൻ.മോഹനൻ പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങളാണ്. തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലം. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ഇത് സംസ്ഥാന തിരഞ്ഞെടുപ്പല്ല. അങ്ങനെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടിട്ടില്ല. ഇതൊരു ഉപതിരഞ്ഞെടുപ്പാണ്. നൂറ് സീറ്റാക്കാൻ തങ്ങൾ പ്രചാരണം നടത്തി എന്നത് ശരിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഒരു ഘടകവും നിലവിൽ ഏറ്റെടുത്തിട്ടില്ല. എറണാകുളം ജില്ലാ കമ്മിറ്റി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട പ്രശ്നമില്ല. ഇവിടെ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്നും സി.എൻ.മോഹനൻ കൂട്ടിച്ചേർത്തു.