ഡെറാഡൂണ്‍: ഉത്താരാഖണ്ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം. 54121 വോട്ടിനാണ് ധാമി വിജയിച്ചത്. വോട്ടെണ്ണലില്‍ ഉടനീളം അദ്ദേഹം തന്നെയാണ് മുന്നിട്ട് നിന്നത്.
ഉത്തരാഖണ്ഡിലെ ചമ്പാവട് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ജനവിധി തേടിയത്. ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അനിവാര്യമായിരുന്നു.
ചമ്പാവട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിലൂടെ നിങ്ങള്‍ ചൊരിഞ്ഞ സ്‌നേഹത്തിലും അനുഗ്രഹത്തിലും എന്റെ ഹൃദയം വളരെ വികാരഭരിതമാണ്, എനിക്ക് ഒന്നും പറയാനാവുന്നില്ല, വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ധാമി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിര്‍ത്തുകയും ധാമി മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ ഖത്തിമയില്‍ കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന് ദാമി പരാജയപ്പെട്ടു. ചമ്പാവടില്‍ ധാമി പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുഷ്‌കര്‍ സിങ് ധാമി രാജിവെക്കേണ്ടി വരുമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ 64.08 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ധാമിക്ക് മത്സരിക്കാന്‍ വേണ്ടി ബി ജെ പി എംഎല്‍എ കൈലാഷ് ഗെഹ്തോരി കഴിഞ്ഞ മാസം ചമ്പാവത്തില്‍ നിന്ന് രാജിവെച്ചിരുന്നു.