ഗൾഫിനോട് മലയാളിയുടെ പ്രിയം കുറയുന്നു, കുടിയേറുന്നവരുടെ എണ്ണം എട്ടിൽ ഒന്നായി;

0
79

തിരുവനന്തപുരം: മലയാളികൾക്ക് ഗൾഫിനോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവർ എട്ടിലൊന്നായി ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസി പണവും പകുതിയായി. സ്വദേശിവത്കരണവും കൊവിഡുമാണ് ഗൾഫിനെ അപ്രിയമാക്കുന്നത്. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതിയകാലത്തെ കുടിയേറ്റം.

ഗൾഫെന്ന സ്വപ്നഭൂമിയിൽ നിന്ന് മലയാളികൾ അകലുകയാണ്. 2016 ൽ ഇന്ത്യയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് ജോലിയ്ക്കും മറ്റുമായി പോയത് 7.6 ലക്ഷം പേർ. ഇതിൽ നല്ലൊരു പങ്കും മലയാളികളായിരുന്നു. എന്നാൽ 2020 ലേക്ക് എത്തിയപ്പോൾ ഗൾഫിലേക്ക് പോയവരുടെ എണ്ണം 90,000 ആയി കുറഞ്ഞു.

ഗൾഫിന്‍റെ സുവർണ കാലത്ത് രാജ്യത്തേക്കെത്തുന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. എന്നാൽ 2020-21 ലേക്ക് എത്തിയപ്പോൾ ഇത് 10.2 ശതമാനമായി ചുരുങ്ങി. സ്വദേശിവത്കരണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യവും കൊവിഡും വന്നതോടെ ആയിരക്കണത്തിന് മലയാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതിനൊപ്പം അമേരിക്ക, ബ്രിട്ടൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടിയതും പുതിയ തലമുറയെ ഗൾഫിൽ നിന്ന് അകറ്റുന്നു.

അഞ്ച് വർഷം മുൻപ് വരെ രാജ്യത്തേക്ക് എത്തുന്ന പ്രവാസി പണത്തിന്‍റെ 50 ശതമാനവും ഗൾഫിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ 23.4 ശതമാനം പ്രവാസി പണവുമായി അമേരിക്കയാണ് മുന്നിൽ. പണ്ട് പ്രവാസി പണത്തിൽ ഒന്നാമതായിരുന്ന കേരളത്തിന്‍റെ സ്ഥാനത്ത് ഇപ്പോൾ മഹരാഷ്ട്ര. ഗൾഫിലേക്ക് ജോലിയ്ക്കായി ഒറ്റയ്ക്കാണ് പോയിരുന്നതെങ്കിൽ വികസിത രാജ്യങ്ങളിലേക്ക് കുടുംബവുമായാണ് കുടിയേറ്റം. ഇതും പ്രവാസി പണത്തിന്‍റെ അളവ് കുറയുന്നതിന് പിന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here