ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ വഴിയില്‍വെച്ച് എങ്ങനെ ചാര്‍ജ് ചെയ്യുമെന്നാലോചിച്ച് ഇനി വിഷമിക്കേണ്ട. പാലക്കാട് ജില്ലയില്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ചിട്ടുള്ള 93 ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കെ.കെ. രാജീവ് പറഞ്ഞു. പെട്രോളും ഡീസലും തീരാറാകുമ്പോള്‍ അടുത്തുള്ള പമ്പില്‍നിന്ന് അടിക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാര്‍ജിങ് കേന്ദ്രങ്ങളില്‍നിന്ന് വാഹനങ്ങള്‍ക്ക് ചാര്‍ജുചെയ്യാം.
എല്ലാ നിയോജകമണ്ഡലങ്ങളിലും ദേശീയപാത, സംസ്ഥാനപാത, ടൗണുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. 89 ചാര്‍ജിങ് കേന്ദ്രങ്ങള്‍ വൈദ്യുതപോസ്റ്റുകളിലാണ് (പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയിന്റ്) ഒരുക്കിയിട്ടുള്ളത്. നാലിടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായി സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വടക്കഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളില്‍ കാറുകള്‍, പഴയ വൈദ്യുതവാഹനങ്ങള്‍, ഇരുചക്ര-മുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം ചാര്‍ജിങ് പോയിന്റുകളുണ്ടാകും. കുളപ്പുള്ളിയിലും കാഞ്ഞിരപ്പുഴയിലും അനര്‍ട്ടിന്റെ രണ്ട് ചാര്‍ജിങ് കേന്ദ്രങ്ങളുമുണ്ട്.ജില്ലയില്‍ 1500-ലധികം ഇലക്ട്രിക് വാഹനങ്ങളുണ്ടെന്നാണ് കണക്ക്.
ചാര്‍ജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വിവിധ ആപ്പുകള്‍ വഴി പണമടച്ചാണ് ചാര്‍ജ് ചെയ്യേണ്ടത്.ര്‍ജിങ് കേന്ദ്രത്തിലുള്ള ക്യു.ആര്‍. കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ആപ്പ് ലഭ്യമാകും.
വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍നിന്ന് ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഒട്ടും ചാര്‍ജില്ലാത്ത ബാറ്ററി 20 മിനിറ്റുകൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. പോസ്റ്റുകളില്‍നിന്ന് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ സമയം കൂടുതലെടുക്കും.അതേസമയം സ്റ്റേഷനുകളില്‍നിന്ന് വേഗത്തില്‍ ചെയ്യാനാകും. പോസ്റ്റുകളില്‍ 3.3 കിലോവാട്ടും സ്റ്റേഷനുകളില്‍ 30 കിലോവാട്ടുമാണ് ശേഷി.