കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഇടപെടല്‍ നിഷേധിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥരെ അഭിമുഖത്തിന് വിളിച്ചത് ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്‍ഐസിയെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലന്നും എന്‍ഐസി കഴിവില്ലാത്തവരാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഹൈക്കോടതിയിലെ കമ്ബ്യൂട്ടര്‍ വല്‍ക്കരണം വേഗത്തിലാക്കുന്നതിനുള്ള ഉന്നത ഐ ടി ടീമിനെ ശിവശങ്കര്‍ ഇടപെട്ട് നിയമിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളുകയാണ് ഹൈക്കോടതി വാര്‍ത്തക്കുറിപ്പില്‍.കമ്ബ്യൂട്ടര്‍ വല്‍ക്കരണം വേഗത്തിലാക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ മേല്‍നോട്ടത്തിലുള്ള സമിതിയാണ് 2018 ഫെബ്രുവരി 22 ന് ചേര്‍ന്ന് യോഗത്തില്‍ തീരുമാനമെടുത്ത്. സാങ്കേതിക വിദ്യ മാറുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്നായിരുന്നു യോഗ തീരുമാനം.
ഉപസമതിയുടെ ആവശ്യപ്രകാരം ഇന്‍റര്‍വ്യൂ ബോര്‍ഡിലേക്കുള്ള വിദഗ്ധരുടെ പാനല്‍ തയ്യാറാക്കി നല്‍കിയത് ഐടി സെക്രട്ടറിയായിരുന്നു. 7 പേര്‍ ഉള്‍പ്പെടുന്ന ഈ പാനലില്‍ നിന്നാണ് രണ്ടുപേരെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ സമിതി തെരഞ്ഞെടുത്തത്. പിന്നീടുള്ള നടപടികളും ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തിയതും ചീഫ് ജസ്റ്റിസിന്‍റെ അറിവോടെയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.