സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

0
224

കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാര്‍ഷ്ട്യത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്രമോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സര്‍ക്കാരും മുട്ട് മടക്കിയത്.കേരള സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമായി സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ കെ.റെയില്‍ ചര്‍ച്ച ചെയ്യുമെന്ന വെല്ലുവിളിയാണ് എല്‍ഡിഎഫ് കണ്‍വീനറും വ്യവസായ മന്ത്രിയും നടത്തിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ മാറ്റിപ്പറഞ്ഞു. വികസനം ചര്‍ച്ച ചെയ്യാമെന്ന യുഡിഎഫിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്താനും ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചതിന് പിന്നാലെയാണ് കെ-റെയില്‍ വിരുദ്ധ സമരം വിജയിച്ചുവെന്ന അവകാശവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here