അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (എസ്എച്ച്ജി) ‘വഡ്ഡി ലെനി റുണാലു’ (പലിശ രഹിത വായ്പ) പദ്ധതിക്കായി 750 കോടി രൂപ അനുവദിച്ച് തെലങ്കാന സർക്കാർ. ഇതിൽ 250 കോടി രൂപ നഗരപ്രദേശങ്ങളിലെ സ്വയം സഹായ സംഘങ്ങൾക്ക് അനുവദിച്ചതായി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ & അർബൻ ഡെവലപ്‌മെന്റ് (എംഎ ആൻഡ് യുഡി) മന്ത്രി കെ ടി രാമറാവു പറഞ്ഞു.
ബാക്കിയുള്ള 500 കോടി രൂപ ഗ്രാമീണ മേഖലയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് നൽകും. ഫണ്ട് അനുവദിച്ചതിന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനോട് കെടിആർ നന്ദി പറഞ്ഞു. വനിതാ കൂട്ടായ്മകളും അംഗങ്ങളും സാമ്പത്തികമായി അച്ചടക്കം പാലിക്കുന്നവരാണെന്നും വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ സംസ്ഥാനത്ത് സ്ത്രീകളാണ് മുന്നിൽ നിൽക്കുന്നതെന്നും കെടിആർ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പാലിറ്റികളിലുമായി 1.77 ലക്ഷം സ്വയം സഹായ സംഘങ്ങലാണുള്ളത്. 18 ലക്ഷം അംഗങ്ങൾ ഇതിൽ പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന രൂപീകരണത്തിന് ശേഷം സ്വാശ്രയ സംഘങ്ങൾക്കായി 15,895 കോടി രൂപ വായ്പാ ലിങ്കേജ് ഇനത്തിൽ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് 90,325 പലിശ രഹിത വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയം സഹായ സംഘങ്ങൾക്ക് 370 കോടി രൂപ അനുവദിച്ചതായും കെടിആർ പറഞ്ഞു.