വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ആറ് മാസം വരെ പ്രസവാവധിയെടുത്ത് , അതിനുശേഷം വീണ്ടും അഡ്മിഷന്‍ എടുക്കാതെ കോളേജില്‍ പഠനം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് തന്നെ വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കാം. ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്കടക്കം ബാധകമായിരിക്കും.
ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടെങ്കില്‍ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചിരുന്നു.