‘ഒരാശുപത്രിക്ക് രണ്ട് വിശ്രമകേന്ദ്രം!’; ആലപ്പുഴ മെഡി. കോളേജിലെ വിശ്രമകേന്ദ്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം.

0
64

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മിക്കുന്ന അത്യാധുനിക വിശ്രമ കേന്ദ്രത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. എച്ച് സലാമിന്‍റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. എന്നാല്‍ 2012 ല്‍ കെ സി വേണുഗോപാലിന്‍റെ എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം അനാഥമാക്കിയിട്ട് ഖജനാവിലെ പണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുന്നുവെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

കഴിഞ്ഞ സെപ്തംബറില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പുതിയ വിശ്രമകേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാഷ്വാലിറ്റിക്ക് മുന്‍വശത്ത് കെട്ടിടം ഉയരുന്നത് എച്ച് സലാമിന്‍റെ എം എല്‍ എ ഫണ്ടില്‍ നിന്ന് ഒന്നര കോടി രൂപ ചെലവിച്ച് കൊണ്ടാണ്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കെ സി വേണുഗോപാല്‍ എം പിയായിരിക്കെ നിര്‍മിച്ച വിശ്രമകേന്ദ്രമാണ് പ്രതിഷേധക്കാര്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസത്തേക്ക് ബെഡിന് 25 രൂപ മാത്രം വാങ്ങിയാണ് അന്ന് കേന്ദ്രം ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. കൊവിഡ് വന്നതോടെ കെട്ടിടം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുത്തു. ഇതിന് ശേഷം രോഗികള്‍ക്ക് കൈമാറാതെ അനാഥമാക്കിയെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.

എന്നാല്‍ കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ വൈകിയതാണ് വീണ്ടും തുറക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്ന് അധികൃതര്‍ ന്യായീകരിക്കുന്നു. ഇപ്പോള്‍ കെട്ടിടം വൃത്തിയാക്കി തുറന്നു കൊടുക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ആശുപത്രി വികസനസമിതി അംഗം കൂടിയായ എച്ച് സലാം ചൂണ്ടിക്കാട്ടുന്നു. പുതിയതായി നിര്‍മിക്കുന്ന വിശ്രമ കേന്ദ്രത്തില്‍ ഏഴ് മുറികൾ, 5 ശുചി മുറികൾ, ലോബി, റാമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രോഗികളുടെ താല്പ്പര്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം വിവാദങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് അധികൃതര്‍ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here