കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. വിദഗ്ദ്ധ പരിശോധനകൾ ഉണ്ടാകും. അടിയന്തിര ഉന്നതതല യോഗം ചേർന്നതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും ആരോഗ്യമന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.സാങ്കേതിക പരമായിട്ടുള്ള മറ്റ് പരിശോധനകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
വിശദമായ അന്വേഷണമാണ് നടക്കുക. DME യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രോഗികളെയെല്ലാം സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സാ ചിലവ് വഹിക്കുന്ന കാര്യത്തിൽ യോഗം ചേർന്നതിന് ശേഷം മാത്രമേ പറയാൻ സാധിക്കുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ പുക ഉയർന്നത്.ഇതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങൾ കാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റി.ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മരണം സംഭവിച്ചത് പുക ശ്വസിച്ചുള്ള ശ്വാസതടസ്സം മൂലം എന്നാണ് ആരോപണം. മെഡിക്കൽ കോളജ് അധികൃതർ ഇത് നിഷേധിച്ചെങ്കിലും മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം, അപകടത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിട്ടുണ്ട്. മരിച്ച അഞ്ചുപേരുടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലാകും മരണകാരണത്തിൽ വ്യക്തത വരിക.