ഓഹരി വിപണിയിൽ പ്രതീക്ഷയേകി സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ ആരംഭിച്ചു. തുടക്കത്തിൽ ബോംബെ ഓഹരി സൂചിക 150 പോയിന്റ് ഉയർന്ന് 65,662ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 300 പോയിന്റ് ഉയർന്ന് 65,850 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി50, തുടക്ക വ്യാപാരത്തിൽ 19,600 നിലവാരത്തിൽ എത്തി. നിഫ്റ്റി ഒരു ഘട്ടത്തിൽ 150 പോയിന്‍റ് വരെ ഉയർന്നു. സെൻസെക്‌സിൽ ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
മറ്റ് ഏഷ്യൻ ഓഹരികളും ഇന്ന് നേട്ടത്തിലാണ്. നിക്കി 2 ശതമാനത്തിലധികം ഉയർന്നു. ഹാങ് സെങ് ഒരു ശതമാനത്തിലധികം ഉയർന്നു. കോസ്പിയും തായ്‌വാനും 0.5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. എന്നാൽ ഷാങ്ഹായ് ഓഹരി സൂചിക, 0.6 ശതമാനം ഇടിഞ്ഞു.
രണ്ട് ഫെഡ് ഉദ്യോഗസ്ഥർ അടുത്ത കാലയളവിൽ പലിശനിരക്ക് സ്ഥിരമായി തുടരുമെന്ന് സൂചന നൽകിയതിനാൽ ഒറ്റരാത്രികൊണ്ട്, അമേരിക്കൻ വിപണി നഷ്ടം മറികടന്ന് 0.5 ശതമാനത്തോളം മുന്നേറുകയും ചെയ്തു.
ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു. ഗാസയിൽ ഇസ്രായേൽ കര പ്രവർത്തനം ആരംഭിച്ചാൽ അത് കൂടുതൽ വഷളായേക്കാം. പിടിക്കപ്പെട്ട ഇസ്രായേൽ ബന്ദികളോട് ഹമാസ് വിലപേശുമെന്നതിനാൽ സംഘർഷം ലഘൂകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സാമ്പത്തിക, വിപണി പ്രവണതകളിൽ നിന്ന് വ്യത്യസ്തമായി, ആഗോളരാഷ്ട്രീയ സംഭവവികാസങ്ങൾ പ്രവചിക്കാൻ കഴിയില്ല. ഈ അനിശ്ചിതത്വം വിപണികളെ ബാധിക്കും.
“സാമ്പത്തിക രംഗത്ത് ചില നല്ല സംഭവവികാസങ്ങളുണ്ട്. ഡോളർ സൂചിക 105.95 ലേക്ക് ഇടിഞ്ഞതും യുഎസ് 10 വർഷത്തെ ബോണ്ട് വരുമാനം സമീപകാല ഉയർന്ന 4.88 ൽ നിന്ന് 4.65 ലേക്ക് ഇടിഞ്ഞതും ഇക്വിറ്റി മാർക്കറ്റുകൾക്ക് അനുകൂലമായ സംഭവവികാസങ്ങളാണ്. എഫ്ഐഐകൾ ഇന്ത്യയിൽ വിൽപ്പന തുടരുന്നുണ്ടെങ്കിലും വിൽപ്പനയുടെ തീവ്രത കുറയുകയാണ്. അതിലും പ്രധാനമായി. ഡിഐഐകൾ അവരുടെ വാങ്ങലുകൾ വർധിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഐടി, ക്യാപിറ്റൽ ഗുഡ്സ്, റിയൽ എസ്റ്റേറ്റ്/കൺസ്ട്രക്ഷൻ എന്നിവയിലെ ഗുണനിലവാരമുള്ള ഓഹരികളിൽ ചെറിയ അളവിൽ വാങ്ങുന്നത് ദീർഘകാല നിക്ഷേപകർക്ക് നല്ലൊരു തന്ത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.