ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് നല്ല രീതിയല്ലെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ ( മുൻപ് ട്വിറ്റർ) പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. പിന്നാലെയാണ് പ്രകാശ് രാജിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെപ്പേർ എത്തിയത്.
‘ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള അന്ധമായ വിദ്വേഷം’ കൊണ്ടാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തതെന്നാണ് പലരും വിമർശിക്കുന്നത്.
ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലർ കുറിച്ചു.