ചികിത്സാ പിഴവ് മൂലം ജീവിതം തകർന്ന ഷെഫീഖ് നീതിക്കായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ഷെഫീഖിന്റെ ജീവിതം ദുരിതത്തിലാക്കിയത്. വർഷങ്ങളായി നിയമ പോരാട്ടം നടത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല.
കുത്തിവെപ്പെടുത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ആരോഗ്യം വഷളായി..ശരീരത്തിലെ തൊലി ഇളകിപ്പോയി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കണ്ണിൽ പാട കെട്ടി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയായി. 45 ദിവസം കഴിഞ്ഞു വീണ്ടും ആളുമാറി കുത്തിവെപ്പെടുത്തു. ആരോഗ്യാവ സ്ഥ ഗുരുതരമായതിനെ തുടർന്ന് നീണ്ട ചികിത്സ വേണ്ടി വന്നു.
രണ്ടുവർഷം ഉപയോഗിച്ച മരുന്നു കുപ്പികളുമായാണ് സെക്രട്ടറിയേറ്റ് പടിക്കൽ ഷെഫീഖ് കുടുംബവുമായി സമരത്തിനെത്തിയത്.ഭാര്യയും വാപ്പയും ഉമ്മയും സഹോദരനുമടങ്ങുന്നതാണ് കുടുംബം.ആരോഗ്യസ്ഥിതി മോശമായത് കൊണ്ട് ഭാരിച്ച ജോലികൾ ചെയ്യാനാകുന്നില്ല.ചെറിയ ജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത് സംഭവമുണ്ടായി ഉടൻ തന്നെ കേസ് കൊടുത്തെങ്കിലും ഇത് വരെയും നീതി കിട്ടിയിട്ടില്ല. ജീവനക്കാരുടെ അനാസ്ഥ കൊണ്ട് നഷ്ടപ്പെട്ട യുവാവിന്റെ ജീവിതം തിരിച്ച് കൊടുക്കാനായില്ലെങ്കിലും ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി നൽകേണ്ട കടമ അധികൃതർക്കുണ്ട്.