വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ പരീക്ഷയെഴുതുന്നതെന്നും ഇതിനായി വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി. ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് കേസിലെ മുഖ്യപ്രതികളെന്ന് പോലീസ് കണ്ടെത്തി. കേസ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും.
ഇന്നലെ (ഓഗസ്റ്റ് 20) തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. ഗൗതം ചൗഹാന്‍ എന്ന ആളാണ് സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു പ്രതികളെ ആദ്യം പിടികൂടിയത്. പിന്നീടാണ് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാണെന്ന് കണ്ടെത്തിയത്.
ഹരിയാനയിലെ കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണ് തട്ടിപ്പിലെ മുഖ്യപ്രതി. ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍തുക വാങ്ങിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ഇയാള്‍ക്ക് ഒരു സംഘമുണ്ട്. ആ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ ഹരിയാന പൊലീസുമായി ചേര്‍ന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.