ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ബുധനാഴ്ച രാവിലെയും ഗുരുതര വിഭാഗത്തിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞ് നഗരത്തെ മുഴുവനായും മൂടിയ നിലയിലാണ്. കഴിഞ്ഞ ആഴ്ച പെയ്ത മഴ വായു മലിനീകരണത്തിന് നേരിയ തോതിലുള്ള ആശ്വാസംനൽകിയെങ്കിലും വീണ്ടും പൂർവ്വ സ്ഥിതിയിലായി. ഇതേതുടർന്ന് എല്ലാ പ്രായക്കാർക്കും നിലവിൽ ആരോഗ്യപ്രശ്നങ്ങളുണ്ട്.
ഇന്ന് രാവിലെ ആറുമണിക്കുള്ള കണക്കനുസരിച്ച്, ആനന്ദ് വിഹാറിൽ 430, പഞ്ചാബി ബാഗിൽ 423, ആർകെ പുരത്ത് 417, പട്‌പർഗഞ്ചിൽ 411, രോഹിണിയിൽ 413 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) അറിയിച്ചു.
ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്. മലിനീകരണത്തിന് പിന്നിലെ കാരണങ്ങളായ കുറ്റിക്കാടുകൾ കത്തിക്കുന്നതും, വാഹനങ്ങൾ പുറന്തള്ളുന്ന പുകയും കോടതി വിലക്ക് ലംഘിച്ച് ഇപ്പോഴും തുടരുകയാണ്.