കരയിൽ ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൃഗമായ ജോനാഥൻ എന്ന ആമക്ക് 191 വയസ്. കണക്കുകൾ പ്രകാരം. 1832 ൽ ആകാം ജോനാഥൻ ജനിച്ചത് എന്നാണ് കരുതപ്പെടുന്നത്. 1882ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലീന ദ്വീപിലേക്ക് കൊണ്ടുവരുമ്പോൾ ആമക്ക് കുറഞ്ഞത് 50 വയസ് പ്രായമുണ്ടാകാം എന്നും അധികൃതർ പറയുന്നു.
ജോനാഥൻ ജനിച്ച കൃത്യം ദിവസം ഏതാണെന്ന് വ്യക്തമല്ലെങ്കിലും 2022-ൽ, ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയുടെ ഗവർണറായ നൈജൽ ഫിലിപ്‌സ്. 1832 ഡിസംബർ 4-ന് ആമയുടെ ഔദ്യോഗിക ജന്മദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഈ കണക്കനുസരിച്ചാണ് ഇക്കഴിഞ്ഞ ഡിസംബർ നാലിന് ജോനാഥന് 191-വയസ് തികഞ്ഞത്.
ജോനാഥന്റെ പ്രായം കേട്ട് പലരും അക്ഷരാർത്ഥത്തിൽ അമ്പരക്കുകയാണ്. നിരവധി ലോകനേതാക്കളും മറ്റ് പ്രമുഖരും ഈ കാലയളവിൽ ജീവിച്ചു മരിച്ചു. ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്നതിനു ജോനാഥൻ ആമ സാക്ഷിയായി. ഇതിനിടെ, ടെലിഫോണും ഇന്റർനെറ്റുമെല്ലാം കണ്ടുപിടിക്കപ്പെട്ടു.
ജോനാഥന് ഗന്ധം നഷ്ടപ്പെട്ടെന്നും തിമിരം മൂലം ഭാഗികമായി കാഴ്ച മങ്ങിയെന്നും ആമയെ പരിചരിക്കുന്ന ജോ ഹോളിൻസ് പറഞ്ഞു. എങ്കിലും ഇപ്പോഴും ഇവന് നല്ല വിശപ്പുണ്ടെന്നും നന്നായി ആഹാരം കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അർപ്പണ മനോഭാവമുള്ള ഒരു ടീം ജോനാഥനെ പരിചരിക്കാനായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയും ആമയ്ക്ക് കഴിക്കാൻ പഴങ്ങളും പച്ചക്കറികളും നൽകും. കലോറിയോടൊപ്പം മെറ്റബോളിസത്തിനാവശ്യാമയ വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ ഘടകങ്ങളും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെന്ന് അവർ ഉറപ്പു വരുത്തും. ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളെയും അതിജീവിച്ച് ഈ ഭീമൻ ആമ ഇത്രയും വർഷം ജീവിച്ചത് ഒരു അത്ഭുതം തന്നെയാണ്. ജോനാഥൻ ഇപ്പോഴും നല്ല ആരോഗ്യവാനാണ്”, ജോ ഹോളിൻസ് കൂട്ടിച്ചേർത്തു.