ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താന്‍ വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം നടത്താന്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24 മുതല്‍ 26 വരെ ദിവസത്തേക്കാണ് ട്രെയിന്‍ തടയല്‍ സമരമെന്ന് സംഘാടകര്‍ അറിയിച്ചു.
നിയമപരിഷ്കരണങ്ങള്ക്കെതിരെ ആഴ്ചകളായി പഞ്ചാബിലും ഹരിയാനയിലും സമരം നടക്കുകയാണ്. കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും പുറമെ, വിവിധ പ്രാദേശിക കക്ഷികളും ബില്ലുകള്‍ക്ക് എതിരാണ്. വിലനിര്‍ണയ രീതിയിലെ അപാകത മൂലം മിനിമം വില ഉല്പന്നങ്ങള്ക്ക് ലഭ്യമാക്കില്ലെന്നാണ് വിവിധ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.
കര്‍ഷക വിരുദ്ധ നിയമപരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് വ്യാഴാഴ്ച രാജിവെച്ചിരുന്നു. വിവാദ ബില്ലുകളില്‍ ലോക്സഭയില്‍ വോട്ടെടുപ്പു നടക്കുന്നതിനു തൊട്ടുമുമ്ബാണ് ഭര്‍ത്താവും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍സിങ് ബാദല്‍ ലോക്സഭയില്‍ മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത്.
കാര്ഷികോല്പന്ന വ്യാപാര, വാണിജ്യ പ്രോത്സാഹന, സേവന ബില്ലാണ് ഒന്ന്. കര്‍ഷക ശാക്തീകരണ, സംരക്ഷണ, വിലസ്ഥിരത, കാര്‍ഷിക സേവന ബില്ലാണ് മറ്റൊന്ന്. അവശ്യസാധന നിയമഭേദഗതി ബില്ലാണ് മൂന്നാമത്തേത്. കോവിഡിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം വൈകിയതിന്റെ പേരില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ഓര്‍ഡിനന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഇറക്കിയിരുന്നു. അതിനു പകരമുള്ള മൂന്നു നിയമനിര്‍മാണങ്ങളാണ് പാര്‍ലമെന്റില്‍ കേന്ദ്രം കൊണ്ടുവന്നത്.