ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളും രാജ്യത്തെ പ്രൊഫഷണല്‍ മേഖലയില്‍ വലിയ തൊഴില്‍ നഷ്ടം തീര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ എക്‌ണോമിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. അവരുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മെയ്- ഓഗസ്റ്റ് മാസങ്ങളില്‍ മാത്രം 60 ലക്ഷത്തോളം പ്രൊഫഷണലുകള്‍ക്കാണ് രാജ്യത്ത് ജോലി നഷ്ടമായത്. എന്‍ജിനീയര്‍മാര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ട്‌സ് ജോലിക്കാര്‍, സാമ്ബത്തിക മേഖലയില്‍ ജോലി നോക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് വലിയ തോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.
2019ല്‍ മെയ്- ഓഗസ്റ്റ് മാസങ്ങളില്‍ 1.88 കോടിയായിരുന്നു തൊഴില്‍ അവസരങ്ങള്‍ എങ്കില്‍ 2020ലെ ഇതേ കാലത്ത് അത് 1.81 കോടിയായി കുത്തനെ കുറഞ്ഞു.
2020 മെയ്- ഓഗസ്റ്റ് മാസങ്ങളില്‍ മാത്രം ഇന്ത്യയിലെ പ്രൊഫഷണല്‍ മേഖലയില്‍ 12.2 മില്ല്യണ്‍ തൊഴില്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 2016ന് ശേഷം ആദ്യമായാണ് ഇത്തരമൊരു അവസ്ഥ. 2016ല്‍ 12.5 മില്ല്യണ്‍ ജനങ്ങളാണ് പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്തിരുന്നത്. അതേസമയം സര്‍വേയില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതിലാണ് തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ പ്രതിസന്ധി അതിന്റ മൂര്‍ധന്യത്തില്‍ എത്തുകയും ചെയ്തു.
വ്യാവസായിക, നിര്‍മാണ മേഖലക്കും അത്ര നല്ല അവസ്ഥയല്ലെന്ന് സര്‍വേയില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ 26ശതമാനമാണ് ഇവിടങ്ങളില്‍ തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. അതേസമയം ചെറുകിട സംരഭകര്‍ അടക്കമുള്ളവര്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ചെറിയ ചെറിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയില്‍ മാത്രം ഈ മെയ്- ഓഗസ്റ്റ് മാസത്തില്‍ 2.1 കോടി പ്രൊഫഷണലുകള്‍ക്കാണ് ജോലി നഷ്ടമായത്.