തൃശ്ശൂർ വലക്കാവ് സ്വദേശി രജിതയുടെ വീടെന്ന സ്വപ്നം ഒടുവിൽ പൂവണിയാൻ പോവുകയാണ്. ലൈഫ് പദ്ധതിയിൽ സ്ഥലവും പണവും അനുവദിച്ചിട്ടും വീടുപണിയാൻ കഴിയാത്ത രജിതയുടെ അവസ്ഥ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മന്ത്രി കെ രാജൻ ഇടപെട്ടു. ഇതോടെ തടസ്സമായിരുന്ന ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞു.
ലൈഫ് പദ്ധതിയിൽ അനുവദിച്ച 2 ലക്ഷം രൂപയും കയ്യിൽ കരുതിവച്ച പണവും ചേർത്താണ് രജിത വീടു വെക്കാൻ താളിക്കുണ്ടിൽ മൂന്നു സെൻറ് സ്ഥലം വാങ്ങിയത്. പക്ഷേ പറമ്പിലുള്ള മൂന്നു തേക്കുമരങ്ങൾ കാരണം അഞ്ചുമാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകൾ മുമ്പ് പതിച്ച് നൽകിയ പട്ടയത്തിൽ മരങ്ങളുടെ അവകാശം സർക്കാരിനായിരുന്നു. അനുമതിയില്ലാതെ മുറിക്കാനാവില്ല. ഇതാണ് കുരുക്കായത്.
തൊട്ടു പിന്നാലെ മന്ത്രി കെ രാജന്റെ ഇടപെടൽ. തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടിയിരുന്ന ഉദ്യോഗസ്ഥരോട് തൃശ്ശൂരിൽ ക്യാമ്പ് ചെയ്ത എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിർദേശം. കളക്ടറേറ്റിൽ ഉൾപ്പെടെ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതോടെ മരം മുറിയിൽ കുരുങ്ങി നിന്ന രജിതയുടെ വീട് എന്ന മോഹത്തിന് ചിറകു വച്ചു.
ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസ് ജീവനക്കാരും നേരിട്ട് എത്തി രജിതയുടെ പറമ്പിലെ മൂന്നു തേക്കുമരങ്ങളും മുറിച്ചുമാറ്റി. ലേലം ചെയ്യുന്നത് വരെ ഇവിടെ സൂക്ഷിക്കും. എന്തായാലും ഇനി വീടുപണി തുടങ്ങാം എന്ന ആശ്വാസത്തിലാണ് രജിത. ഇനി അതിനു വേണ്ടി ബാക്കി തുക കണ്ടെത്താനുള്ള നെട്ടോട്ടം.