ഗാലെ: ശ്രീലങ്ക- പാകിസ്ഥാന്‍ (SL vs PAK) ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ 246 റണ്‍സിന് ജയിച്ചതോടെയാണ് പരമ്പര സമനിലയിലായത്. 508 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 261ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യ (Prabhath Jayasuriya), നാല് വിക്കറ്റ് നേടിയ രമേഷ് മെന്‍ഡിസ് (Ramesh Mendis) എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌കോര്‍ : ശ്രീലങ്ക 378, 360 & പാകിസ്ഥാന്‍ 231, 360/8 ഡി.
ഒന്നിന് 89 എന്ന നിലയിലാാണ് പാകിസ്ഥാന്‍ അവസാനദിനം ആരംഭിച്ചത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 172 റണ്‍സിനിടെ നഷ്ടമായി. 81 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (49), മുഹമ്മദ് റിസ്‌വാന്‍ (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അബ്ദുള്ള ഷെഫീഖ് (16), ഫവാദ് ആലം (1), അഖ സല്‍മാന്‍ (4), മുഹമ്മദ് നവാസ് (12) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.
നേരത്തെ, രണ്ടാം ഇന്നിംഗ്‌സില്‍ ധനഞ്ജയ ഡി സില്‍വയുടെ (109) സെഞ്ചുറിയാണ് ശ്രീലങ്കയെ മികച്ച ലീഡ് സമ്മാനിച്ചത്. ദിമുത് കരുണാരത്‌നെ (61) മികച്ച പ്രകടനം പുറത്തെടുത്തു. നവാസ്, യാസിര്‍ ഷാ എന്നിവര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 378നെതിരെ പാകിസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ 231ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മെന്‍ഡിസും മൂന്ന് വിക്കറ്റ് നേടിയ ജയസൂര്യയുമാണ് പാകിസ്ഥാനെ ആദ്യ ഇന്നിംഗ്‌സിലും തകര്‍ത്തത്. 62 റണ്‍സ് നേടിയ സല്‍മാനാണ് ടോപ് സ്‌കോറര്‍.
ഒന്നാം ഇന്നിംഗ്‌സില്‍ 80 റണ്‍സ് നേടിയ ദിനേശ് ചാണ്ഡിമലാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒഷാഡ ഫെര്‍ണാണ്ടോ (50), നിരോഷന്‍ ഡിക്ക്‌വെല്ല (51), എയ്ഞ്ചലോ മാത്യൂസ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നസീം ഷാ, യാസിര്‍ ഷാ എന്നിവര്‍ പാകിസ്ഥാനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ധനഞ്ജയയാണ് പ്ലയര്‍ ഓഫ് ദ മാച്ച്. ജയസൂര്യ പരമ്പരയിലെ താരമായി.