മെറ്റായുടെ (Meta) കീഴിലുള്ള ഫേസ്ബുക്കിന്റെ (Fcebook) വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ഒരു ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് ഇതോടെ അവസാനമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. . മൂന്നാം പാദത്തിലെ വളർച്ച ഇനിയും കുറഞ്ഞേക്കുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ മൊത്തത്തിലുള്ള ലാഭം 36 ശതമാനം ഇടിഞ്ഞ് 6.7 ബില്യൺ ഡോളറിലെത്തി.
വരുമാന വളർച്ചയിൽ ആദ്യത്തെ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും മെറ്റയുടെ ബിസിനസ്സ് എല്ലാ മേഖലകളിലും എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ഉറപ്പിക്കുന്നു. കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ മാത്രം 10 ബില്യൺ ഡോളറാണ് മെറ്റായ്ക്ക് ലഭിച്ചത്. ഇപ്പോൾ സമ്പദ്‌വ്യവസ്ഥ പരുങ്ങലിലാകുകയും മാന്ദ്യം പടിവാതിലിൽ വരെ എത്തി നീക്കുകയും ചെയ്തതോടെ പല പരസ്യദാതാക്കളും പരസ്യങ്ങൾ പിൻവലിച്ചു.
അതേസമയം, ടിക് ടോക്കുമായി മത്സരിക്കാനുള്ള ശ്രമത്തിൽ, മെറ്റാ ഹ്രസ്വ വീഡിയോകൾക്കും പോസ്റ്റുകൾക്കും ഊന്നൽ നൽകുന്നതിനായി ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പല പരിഷ്കാരങ്ങളും കൊണ്ടുവരികയാണ്. മെറ്റയുടെ വരുമാനം കുറയുന്നുണ്ടെങ്കിലും, ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 3 ശതമാനം വർദ്ധിച്ച് 1.97 ബില്യണിലെത്തിക്കാൻ (Mark Zuckerberg) സക്കർബർഗിന് കഴിഞ്ഞു. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ ആപ്ലിക്കേഷനുകളുടെ സ്യൂട്ട് ഇപ്പോൾ 2.88 ബില്യൺ ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റാ റിപ്പോർട്ട് ചെയ്തു, ഒരു വർഷം മുമ്പുള്ളതിനേക്കാൾ 4 ശതമാനം വർദ്ധനവുണ്ടായി.
ടിക് ടോക്കിനെ ലക്ഷ്യം വച്ചുള്ള കമ്പനിയുടെ ഹ്രസ്വ-ഫോം വീഡിയോ ഫോർമാറ്റായ റീൽസ് വളരെ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നും വീഡിയോകളുടെ ഉപഭോഗം വർദ്ധിച്ചെന്നും സക്കർബർഗ് പറഞ്ഞു, വർഷങ്ങൾക്ക് മുമ്പ് സ്‌നാപ്ചാറ്റിൽ നിന്നുമാണ്കമ്പനി ആ ഫോർമാറ്റ് പകർത്തിയത് എന്നും, ശേഷം സ്റ്റോറീസ് ചെയ്തതിനേക്കാൾ വേഗത്തിൽ ഇവയ്ക്ക് വളർച്ചയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.