കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. വിദ്യാര്‍ത്ഥികള്‍ കോളജിനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്മെന്റ് വൃത്തിഹീനമായ രീതിയിലാണ് കാന്റീന് നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
സ്ക്രൂ, പുഴു, ഈച്ച,കോഴിത്തൂവല്‍ ഇതെല്ലാം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് കിട്ടിയതാണ്. അന്നം മുടക്കിയ സകല മാലിന്യങ്ങളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അപ്പപ്പോള്‍ എടുത്തുവച്ചു. പലവട്ടം മാനേജ്മെന്റിന് പരാതിയും നല്കി. സഹികട്ടാണ് ഒടുവില്‍ സമരത്തിനിറങ്ങിയത്. കോളജിലെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിളാണ് പ്രധാന ഓഫീസിനു മുന്നില്‍ മണിക്കൂറുകളോളം സമരം നടത്തിയത്.
മെസ്സ് ഫീസ് ഇനത്തിൽ ഈടാക്കുന്നത് വൻ തുക, പക്ഷേ ഭക്ഷണത്തിലുള്ളത് സ്ക്രൂവും ഈച്ചയും പുഴുവും കൊതുകും കോഴിത്തൂവലും; കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് കാന്റീനിൽ വിതരണം ചെയ്യുന്നത് വൃത്തിഹീനമായ ഭക്ഷണം, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ#foodsafety #kmctmedicalcollege pic.twitter.com/9TGkAlq4PX
— Asianet News (@AsianetNewsML) July 28, 2022
പ്രതിമാസം 5500 രൂപയാണ് ഓരോ വിദ്യാര്‍ത്ഥിയും ഭക്ഷണത്തിനായി അടയ്ക്കുന്നത്. ഫീസ് കൃത്യമായി ചോദിച്ച് വാങ്ങുന്ന മാനേജ്മെന്റ് ഭക്ഷണത്തിന്റെ നിലവാരം ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല, കുട്ടികള്‍ തെളിവു സഹിതം നല്കുന്ന പരാതി കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഇതിനെ പല കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികില്‍സ തേടേണ്ടിയും വന്നു. ഇക്കഴിഞ്ഞ 30 ന് ഭക്ഷണത്തില്‍ നിന്ന് പുഴു കിട്ടിയതിനെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണി വരെ വിദ്യാര്‍ത്ഥികല്‍ കോളജിന് മുന്നില്‍ സമരം നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്കിയതല്ലാതെ യാതൊന്നുമുണ്ടായില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ചോ വിദ്യാര്‍ത്ഥികള്‍ തെളിവു സഹിതം ഉന്നയിക്കുന്ന ഈ പരാതിയെക്കുറിച്ചോ കെഎംസിടി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല.