ജീവിതത്തിൽ ഏതൊരു കാര്യവും ആത്മവിശ്വാസത്തോടെ ചെയ്യാൻ എല്ലാവർക്കും താല്പര്യമുണ്ട്. എന്നാൽ ചിലർക്ക് ഇത് സ്വയം നേടിയെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത് ഒരു സത്യമാണ്. ആത്മവിശ്വാസം നേടിയെടുക്കാൻ, നമുക്ക് പ്രചോദനം അത്യാവശ്യമാണ്. പ്രചോദനം എന്നത് ഭക്ഷണത്തിന് സമാനമാണ്. പലർക്കും പ്രചോദനം നേടാൻ വളരെയധികം ശ്രമിക്കേണ്ടി വരുന്നു. പലപ്പോഴും പ്രചോദനം ജീവിതത്തിൽ തിരമാലകൾ പോലെ വന്നു പോകുന്നു. ഒരു ദിവസം വളരെ താത്പര്യത്തോടെ രാവിലെ എഴുന്നേറ്റ് സ്വന്തം ലക്ഷ്യങ്ങൾ നേടാനുള്ള ഉദ്ദേശ്യത്തോടെ ജോലികൾ ചെയ്യാൻ തയ്യാറാകുന്നു. എന്നാൽ പിറ്റേ ദിവസം പ്രചോദനക്കുറവ് മൂലം മടി തോന്നി ഒന്നും ചെയ്യുകയില്ല. അതുകൊണ്ടാണ് പ്രചോദനം ഭക്ഷണ സമാനമാണ് എന്ന് പറയുന്നത്. ആവശ്യത്തിനു ഭക്ഷണം, സമയത്ത് കഴിച്ചില്ലെങ്കിൽ ശരീരത്തിന് ഉന്മേഷം തോന്നില്ല. ശാരീരിക അസ്വസ്ഥതകൾ മൂലം മടി തോന്നി ഒന്നും ചെയ്യാൻ തയ്യാറാവില്ല.
ഇവിടെയാണ് മടി പിടിച്ചിരിക്കാതെ സ്വയം പ്രചോദനം നേടാൻ പ്രേരണ നൽകേണ്ടത്. സ്വയം പ്രചോദിപ്പിക്കാനുള്ള ചില തന്ത്രങ്ങൾ വായിച്ചറിയാം.
എന്തുകൊണ്ടാണ് “പ്രചോദനം” ജീവിതത്തിൽ പ്രധാനം? പ്രചോദനം സ്വതസിദ്ധമല്ല. ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പ്രചോദനം തനിയെ വരില്ല. നമ്മുടെ ചിന്തകളെയും, മാനസികാവസ്ഥയെയും നിയന്ത്രിക്കുന്ന ശക്തികൾ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. അതിനാൽ ജീവിതത്തിൽ ഉടനീളം നമ്മെത്തന്നെ പ്രചോദിപ്പിക്കുന്നതിനായി ഒരു സംവിധാനം നാം കണ്ടെത്തണം. ഇതിനായി ലളിതമായ ചില വഴികൾ പരിശോധിക്കാം. ജീവിതത്തിൽ പകർത്താം.
1. മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക
മറ്റുള്ളവരിൽ നിന്ന് നല്ല പാഠങ്ങൾ പഠിക്കുന്നത് നിങ്ങളെ മുന്നോട്ട് നയിക്കുന്നതിനുള്ള ഒരു ശക്തി സ്രോതസാണ്. ഒരുപക്ഷെ നിങ്ങളുടെ പ്രചോദനത്തിന്റെ ഉറവിടം നിങ്ങളുടെ ഉപദേഷ്ടാവായിരിക്കാം. അല്ലെങ്കിൽ, നിങ്ങളെയും, കൂടെയുള്ളവരെയും കൂടുതൽ കഠിനാധ്വാനം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന, ലക്ഷ്യത്തിലേക്കുള്ള മാർഗം കാണിച്ചു തരുന്ന വളരെ കഴിവുള്ള ഒരു ഗുരുവോ, നായകനോ ആകാം. ഇത് കൂടാതെ, നിങ്ങൾക്ക് വിലയേറിയ നുറുങ്ങു വിദ്യകൾ പഠിപ്പിച്ചു തരാൻ കഴിയുന്ന വിജയകരമായ ജനപ്രിയ ഗുരുക്കന്മാരുടെ ബ്ലോഗുകൾ, പുസ്തകങ്ങൾ എന്നിവയുടെ സഹായവും തേടാവുന്നതാണ്. നിങ്ങളുടെ ജീവിതത്തെ ഇരുട്ടിലേക്ക് വലിച്ചിഴയ്ക്കുന്ന, നെഗറ്റീവ് ചിന്തകൾ ഉള്ളവർ, അല്ലെങ്കിൽ അശുഭാപ്‌തി വിശ്വാസികളായ ആളുകളിൽ നിന്നും വിട്ടു നിൽക്കുന്നതും പ്രധാനമായ ഒരു വസ്തുതയാണ്.
2. പതിവായി വ്യായാമം ചെയ്യുക
മാനസിക സമ്മർദ്ദം ഒഴിവാക്കാനും, നിങ്ങളുടെ മനസ്സിന് ഉന്മേഷം നൽകാനുമുള്ള ഒരു അത്ഭുതകരമായ മാർഗമാണ് എല്ലാ ദിവസവും വ്യായാമം ചെയ്യുക എന്നത്. കൃത്യമായി വ്യായാമം ചെയ്യുന്നത് മനസ്സിലെ ദുഷ് ചിന്തകൾ മായ്‌ക്കാൻ നിങ്ങളെ സഹായിക്കും.
3. ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങൾ ദിവസവും ഒരു ജോലി ചെയ്യാൻ തയ്യാറാകുന്നു. എന്നാൽ പ്രചോദനവും, ശ്രദ്ധയും തീരെയില്ല എന്ന പ്രശ്നം നിങ്ങളെ അലട്ടുന്നു. ഒരു ജോലിയും സമയത്തിന് ചെയ്തു തീർക്കാൻ സാധിക്കുന്നില്ല. പലതും തുടങ്ങുന്നു, ജീവിതത്തിൽ ഒരു ക്രമം ഇല്ലാത്തവർക്ക് ഒന്നും പൂർത്തിയാക്കാൻ സാധിക്കത്തില്ല. ഈ സന്ദർഭത്തിൽ കൂടുതലൊന്നും ചിന്തിക്കാതെ, ചെയ്യുന്ന ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് നന്നായി ചെയ്തു തീർക്കാനും പഠിക്കുക. പ്രചോദനം താനേ വരികയും, എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
4. കാലതാമസം ഒഴിവാക്കാൻ ജോലി ക്രമീകരിക്കുക
പലപ്പോഴും പ്രധാനപ്പെട്ട ജോലികൾ മാറ്റി വച്ചിട്ട്, പ്രാധാന്യമില്ലാത്തവയുടെ പുറകെ പോയി സമയം വ്യർത്ഥമാക്കുന്ന അവസ്ഥ പലർക്കും അനുഭവപ്പെടുന്നു. സ്വന്തം ലക്ഷ്യത്തിലെത്താനുള്ള ആകുലത, ചിന്ത, ഇവയൊക്കെ നമ്മുടെ ശ്രദ്ധ മാറ്റി മറിക്കുകായും, പ്രധാനപ്പെട്ട ജോലി മാറ്റി വയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ജോലികൾ ചെറിയ ഖണ്ഡങ്ങളാക്കി വിഭജിക്കുക, ഇത് നിങ്ങളുടെ ജോലികളെ പൂർണ്ണതയിലെത്താൻ സഹായിക്കും. കൂടുതൽ സന്തോഷം തരികയും ചെചെയ്യും.
5. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക
നിങ്ങളുടെ ശ്രദ്ധയെ മാറ്റി മറിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു തന്നെ അറിയാം. ഒരുപക്ഷേ നിങ്ങളുടെ സോഷ്യൽ മീഡിയ മെസഞ്ചർ പരിശോധിക്കാനുള്ള പ്രേരണയായിരിക്കാം, മൊബൈൽ കോളുകൾ ആയിരിക്കാം, അല്ലെങ്കിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട സീരിയലിലിന്റെ എപ്പിസോഡ് ആയിരിക്കാം, ഈ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ. എപ്പോഴും ജീവിതത്തിൽ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. അതിനാൽ ആദ്യം തന്നെ ജോലി സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക, നിങ്ങളുടെ ഫോൺ നിശബ്ദമാക്കുക, നിങ്ങൾ ഒരു ദിവസത്തെ നല്ല ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിഫലമായി ആ എപ്പിസോഡ് കാണുന്നത് മാറ്റി വയ്ക്കുക.
6. കാര്യങ്ങൾ കൃത്യമായി എഴുതി വയ്ക്കുക
നിങ്ങൾ ഒരു ദിവസം ചെയ്യേണ്ട പദ്ധതികൾ ഒരു നോട്ട് പാഡിൽ എഴുതുന്നതിനേക്കാൾ കൂടുതൽ ദൃഢമായി ഒന്നും തന്നെയില്ല. ഈ ലിസ്റ്റ് നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കുകയോ അല്ലെങ്കിൽ ഒരു പേപ്പറിൽ എഴുതി എവിടെയെങ്കിലും ഒട്ടിക്കുകയോ ചെയ്യുക. ഓരോ തവണയും നിങ്ങൾ ഒരു ജോലി പൂർത്തിയാക്കുമ്പോൾ, അത് ക്യാൻസൽ ചെയ്യുക. ഇപ്രകാരം ചെയ്യുന്നത് നിങ്ങൾക്ക് ഒരു ചെറിയ പ്രചോദനം നൽകുന്നു, ഒപ്പം നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് തന്നെ നല്ല മതിപ്പ് അനുഭവപ്പെടും.
നിങ്ങളുടെ ഉപദേഷ്ടാവ്, ഒരു നല്ല സുഹൃത്ത്, നിങ്ങൾ ബഹുമാനിക്കുന്ന ഒരാൾ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളി എന്നിവർ, നിങ്ങളെയും നിങ്ങളുടെ ജോലിയെയും ഇടയ്ക്കിടെ വിശകലനം ചെയ്ത്, അവരുടെ അഭിപ്രായം തേടുക. ഈ തന്ത്രം നിങ്ങളെ സ്വന്തം കാലിൽ നിൽക്കുവാൻ സഹായിക്കും, മാത്രമല്ല, ഇത് നിങ്ങളുടെ ലക്ഷ്യം നേടുന്നത് നീട്ടിവെക്കാനോ, ഉള്ളിലുള്ള പ്രചോദനം നഷ്‌ടപ്പെടാനോ അനുവദിക്കുകയില്ല.
7 കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ നിങ്ങളോട് നിങ്ങൾ തന്നെ ദയ കാണിക്കുക
നിങ്ങൾക്ക് ഇടർച്ചയോ, വീഴ്ച്ചയോ ഉണ്ടാകുമ്പോൾ, സ്വയം കുറ്റപ്പെടുത്തുക എന്നത് എളുപ്പമാണ്. നമ്മിൽ മിക്കവരും എളുപ്പം വീണു പോകുന്ന ഒരു കെണിയാണിത്. സ്വയം കുറ്റപ്പെടുത്തിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് മോശമായ ഒരു അവസ്ഥയും, സ്വയമുള്ള പ്രചോദനത്തിന്റെ അഭാവവുമാണ്. അതിനാൽ , നിങ്ങൾ പരാജയപ്പെടുമ്പോൾ നിങ്ങളോട് തന്നെ കൂടുതൽ ദയ കാണിക്കുകയും, പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസം വീണ്ടെടുത്ത്, ഒരു സമയത്ത് ഒരു ചുവട് എന്ന കണക്കിൽ വീഴ്ചയിൽ നിന്ന് തിരിച്ച് വിജയത്തിലേക്ക് മടങ്ങുകയും ചെയ്യുക.
8 . ആരോഗ്യകരമായ മത്സരം വികസിപ്പിക്കുക
നിങ്ങളുടെ സമപ്രായക്കാരുമായി ആരോഗ്യകരമായ മത്സരത്തിൽ ഏർപ്പെടുന്നത് ജോലിസ്ഥലത്ത് ആവേശം സൃഷ്ടിക്കുന്നതിനോ, ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനോ കൂടുതൽ പുതുമകൾ കൊണ്ടുവരുന്നതിനോ സഹായിക്കും. കാര്യങ്ങൾ കൂടുതൽ രസകരമാക്കാനും, ആത്മ വിശ്വാസം കൂട്ടാനും നിങ്ങൾ തന്നെ നിങ്ങൾക്ക് ചെറിയ സമ്മാനങ്ങൾ നൽകുക. മറ്റുള്ളവരുടെ സമ്മാനത്തിനായി കാത്തിരിക്കാതിരിക്കുക.
9. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എന്തിനാണെന്ന് എപ്പോഴും ഓർക്കുക
ജീവിതത്തിൽ പ്രചോദനം കുറയുമ്പോൾ, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള കാഴ്ച നഷ്ടപ്പെടുന്നത് സാധാരണമാണ്. അതിനാൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ, എന്തുകൊണ്ടാണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് നല്ല ബോധം വേണം. ഒരുപക്ഷേ നിങ്ങൾ എന്തെങ്കിലും സാമ്പാദിക്കുവാനോ, അല്ലെങ്കിൽ നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനായോ, അല്ലെങ്കിൽ വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിനോ ആയിരിക്കാം പ്രവർത്തിക്കുന്നത്.എല്ലായ്‌പ്പോഴും ആ അന്തിമ ലക്ഷ്യം മനസ്സിൽ വയ്ക്കുക.
10. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കുക
ഒരു പരാജയം വന്നാൽ, സ്വയം പ്രചോദിപ്പിക്കുക എന്നത് ഏവർക്കും ബുദ്ധിമുള്ള ഒരു കാര്യമാണ്. അതിനാൽ എപ്പോഴും പരാജയത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണുവാൻ തയ്യാറാകുക. പരാജയം എന്നത് വെറുമൊരു സംഭവം മാത്രമാണ്, അല്ലാതെ ഒരു വ്യക്തിയല്ലെന്നും ഓർമ്മിക്കുക. അതിനാൽ പരാജയത്തിൽ നിന്ന് ആവശ്യമായ പാഠങ്ങൾ പഠിച്ച്, എല്ലാം മറന്ന് ഇവയെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റുക.