ബോക്സ് ഓഫീസ് തകർത്ത് ‘ലിയോ’, ആദ്യദിന കളക്ഷന്‍…

0
76

ഈ വർഷം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ. ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജുമായുള്ള ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമാണോ ‘ലിയോ’ എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള ഉത്തരം തീയേറ്ററിൽ സിനിമ കണ്ടവർ കണ്ടെത്തുകയും ചെയ്തു. പുലർച്ചെ നാല് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ.

പ്രീ റിലീസ് ഹൈപ്പിന്‍റെ കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും. അത്തരത്തിലുള്ള പ്രേക്ഷകാവേശമാണ് റിലീസിന് മുന്‍പ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലുൾപ്പെടെ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ ലിയോ റെക്കോര്‍ഡ് ഇട്ടിരുന്നു.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടിയാണ്!  കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് എന്നതിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഈ സംഖ്യ. ബോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ 1000 കോടി ഹിറ്റുകളായ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ പഠാനെയും ജവാനെയുംപോലും ഓപണിംഗില്‍ മറികടന്നിട്ടുണ്ട് ലിയോ. പഠാന്റെ ആദ്യദിന ആഗോള ഗ്രോസ് 106 കോടിയും ജവാന്‍റേത് 129.6 കോടിയും ആയിരുന്നു.

നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്.തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്.

LEAVE A REPLY

Please enter your comment!
Please enter your name here