തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ. യുഡിഎഫാണ് വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 1964ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ലെ നിയമപ്രകാരം പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. പ്രതിഷേധം ശക്തമായതോടെ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന്, ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.
എന്നാൽ സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നത് എന്ന് യുഡിഎഫ് ആരോപിച്ചു.
ഈ വിഷയം നിയമസഭ തെരെഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. അതേസമയം ഭേദഗതി ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും, യുഡിഎഫ് ലക്ഷ്യം വേറെയെന്നുമാണ് എൽഡിഎഫ്.
പാൽ, പത്രം തുടങ്ങിയ അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീർഥാടനങ്ങളും ഉത്സവങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമാണ് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.