മൻഡലായ് (മ്യാന്മർ): പിതാവിന്‍റെ മടിയിലേക്ക് വെടിയേറ്റ് വീണ ഏഴു വയസ്സുള്ള മകൾ മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -‘ അച്ഛാ എനിക്ക് സഹിക്കാൻ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്’. മ്യാന്മറിലെ കണ്ണിൽചോരയില്ലാത്ത സൈനികർ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിർദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. ഏഴു വയസ്സുള്ള ഖിൻ മ്യോ ചിത് എന്ന ആ കുഞ്ഞുമകളെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകൾ അതിനുമുൻപേ അവളുടെ ജീവനെടുത്തിരുന്നു. മൻഡലായിലെ വീട്ടിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ, പേടിച്ചരണ്ട അവൾ പിതാവിന്‍റെ അടുത്തേക്ക് ഓടിയടുക്കുന്നതിനിടയിലാണ് അവർ ചിതിനു നേരെ കാഞ്ചി വലിച്ചത്.
സൈന്യം ചൊവ്വാഴ്ച വൈകീട്ടാണ് അവളുടെ പ്രദേശത്ത് റെയ്ഡിനെത്തിയത്. അവർ വന്നത്, ആയുധങ്ങളുണ്ടോയെന്ന് പരിശോധിക്കാനും, പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനുമായിട്ടായിരുന്നു എന്ന് ചിതിന്‍റെ മൂത്ത സഹോദരി മേ തു സുമയ്യ പറഞ്ഞു. അവർ വന്നപാടെ വീടിന്‍റെ വാതിൽ ചവിട്ടിത്തുറന്നു. കതകുതുറന്നശേഷം അകത്ത് ആരെങ്കിലുമുണ്ടോ എന്ന് പിതാവിനോടവർ ചോദിച്ചു. ‘ഇല്ല’ എന്ന് അദ്ദേഹം മറുപടി പറഞ്ഞതോടെ നുണ പറയുകയാണെന്ന് പറഞ്ഞ് അവർ അകത്തു കയറി പരിശോധന തുടങ്ങി. പേടിച്ചരണ്ട അനുജത്തി ഇതിനിടയിൽ പിതാവിന്‍റെ മടിയിലിരിക്കാനായി അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി. ഇത് കണ്ട ഉടൻ അവർ അവൾക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് സുമയ്യ വിതുമ്പലോടെ പറയുന്നു.