തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് (Oommen Chandy) സ്വന്തം. മുൻ മന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ എം മാണിയെയാണ് ഉമ്മൻ ചാണ്ടി മറികടന്നത്. 2022 ഓഗസ്റ്റ് 2ന് 18,728 ദിവസം (51 വർഷം മൂന്നേകാൽ മാസം) ഉമ്മൻ ചാണ്ടി നിയമസഭാ അംഗമെന്ന നിലയിൽ പൂർത്തീകരിച്ചു. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് ഇത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാൽ ഈ മാസം 11നാണ് റെക്കോർഡ് മറികടക്കുക.